കൊച്ചി: ഹരിതോര്‍ജ മേഖലയിലെ ശക്തികേന്ദ്രമായി കേരളത്തിന് ഉയര്‍ന്നു വരാന്‍ കഴിയുമെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ വിദഗ്ധര്‍. സുസ്ഥിര ഊര്‍ജത്തിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ പ്രകടമാണ്. സര്‍ക്കാറിന്റെ മികച്ച ഊര്‍ജനയം ഇതിന് പിന്തുണയേകും. ഹരിതോര്‍ജത്തിലേക്കുള്ള മാറ്റം പ്രാദേശിക സമൂഹങ്ങള്‍ക്കും നേട്ടമുണ്ടാക്കും.
ഹരിതോര്‍ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് ഉൽപാദന, പ്രസരണ, വിതരണ ഘട്ടങ്ങളിലെ ചെലവ് കുറക്കേണ്ടത് പ്രധാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ടാറ്റ പവര്‍ റിന്യൂവബിള്‍ മൈക്രോഗ്രിഡ് ലിമിറ്റഡ് സി.ഇ.ഒ മനോജ് ഗുപ്ത പറഞ്ഞു. ജൈവ, കാര്‍ഷിക മാലിന്യങ്ങള്‍ ഹരിതോർജ സ്രോതസ്സുകളാക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഈ മേഖലയിൽ പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ജി. നരേന്ദ്രനാഥ് പറഞ്ഞു. താപ വൈദ്യുതിയെ കൂടുതലായി ആശ്രയിക്കുന്നത് നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കും.
കേരളത്തിൽ മൊത്തം ഊര്‍ജ ഉപഭോഗത്തിന്റെ ചെറിയ ശതമാനം മാത്രമാണ് സൗരോര്‍ജത്തില്‍ നിന്നുള്ളതെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ആര്. ഹരികുമാര്‍ പറഞ്ഞു.
പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട ഇന്ത്യ-ആസ്ട്രേലിയ പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുമെന്ന് ആസ്ട്രേലിയന്‍ ഹൈകമീഷനിലെ കൗണ്‍സിലര്‍ സഞ്ജീവ ഡി സില്‍വ പറഞ്ഞു.
ആർ.ഇ.സി ലിമിറ്റഡ് ഡയറക്ടര്‍ നാരായണ തിരുപ്പതി, യു.എ.ഇയിലെ ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്മാന് മേജര്‍ ജനറല്‍ ഷറഫുദ്ദീന് ഷറഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.