ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അക്കാദമി ഈമാസം 17 മുതല്‍ 19 വരെ ആലപ്പുഴ കൈരളി, ശ്രീ തിയറ്ററുകളില്‍ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയില്‍ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി വനിത സംവിധായകരുടെ 20 സിനിമകളും അഞ്ച് ഡോക്യുമെന്ററികളും മേളയിലുണ്ടാകും.
കാന്‍, മ്യൂണിച്ച് മേളകളില്‍ ഉള്‍പ്പെടെ 50ലേറെ പുരസ്കാരങ്ങള്‍ വാരിക്കുട്ടിയ ഷാര്‍ലറ്റ് വെല്‍സിന്റെ ആഫ്റ്റര്‍ സണ്‍, കാന്‍, സാന്‍ സെബാസ്റ്റ്യന്‍, ഷികാഗോ ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ മേരി ക്രൂസ്റ്ററുടെ കോര്‍സാഷ്, ലൊകാര്‍ണോ മേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്കാരം നേടിയ ജൂലിയ മുറാറ്റിന്റെ റൂള്‍ 34, ബെര്‍ലിന്‍, സണ്‍ഡാന്‍സ് ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍ നേടിയ ക്ലോൺഡിക്കെ തുടങ്ങി ലോക സിനിമ വിഭാല്ഗത്തി 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ റിമാദാസിന്റെ ടോറാസ് ഹസ്ബന്റ്, അഞ്ജലി മേനോന്റെ വണ്ടര്‍വിമന്‍ എന്നിവയുണ്ട്. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് വനിത സംവിധായികമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍മിച്ച ഏറ്റവും പുതിയ രണ്ടു ചിത്രങ്ങള്‍ മേളയിലുണ്ട്. ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത നിള, ശ്രുതി ശാരണ്യത്തിന്റെ ബി 32 ടു 44 എന്നിവയാണിവ. വി.എസ്. ഇന്ദു സംവിധാനം ചെയ്ത 19 (1) (a), രത്തീനയുടെ പുഴു എന്നീ മലയാളചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
മൂന്നുദിവസം നീളുന്ന മേളയില്‍ പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താം. ഓഫ്ലൈന് രജിസ്ട്രേഷന് ആലപ്പുഴ കൈരളി തിയറ്ററിലും കെ.എസ്.ആര്.ടി.സി സ്റ്റാൻഡിൽ സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളിലും സൗകര്യമുണ്ട്. സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയുള്ള മേളയിൽ ഓപൺ ഫോറം, സാംസ്കാരിക പരിപാടികള്‍ എന്നിവയുണ്ടാകും.
ആലപ്പുഴ: തലമുറകളുടെ സംഗമവേദിയായി ആലപ്പി സിനിമാസ്. ആലപ്പുഴയില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളക്ക് മുന്നോടിയായാണ് ജില്ലയിലെ സിനിമ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചത്. കുഞ്ചാക്കോയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സ്റ്റാന്‍ലി ജോസ് മുതല്‍ സംവിധായകരായ സഹീദ് അറാഫത്ത്, ജയസൂര്യ തുടങ്ങിയ യുവതലമുറയിലെ സിനിമ പ്രതിഭകൾ ഒരേ വേദിയിലെത്തിയത് പുതിയ അനുഭവമായി.
ചലച്ചിത്ര അക്കാദമിയും മേളയുടെ ജില്ല സംഘാടക സമിതിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് സംഗമം ഒരുക്കിയത്. ജില്ലയിലെ വനിത മാധ്യമപ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.
എം.വി. പ്രിയ അധ്യക്ഷതവഹിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളറും സിനിമ പ്രവര്‍ത്തകനുമായ എ. കബീര്‍, സിനിമ ആര്‍ടിസ്റ്റ് ഉഷ ഹസീന, സംഘാടക സമിതി കോഓഡിനേറ്റര്‍ ബിച്ചു എക്സ്. മലയില്‍, ജില്ല പഞ്ചായത്ത് അംഗം ആര്. റിയാസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.എസ്. സുമേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.