തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കായിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. കായികവകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച കാമ്പസിലെത്തിയത്. കാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തായുള്ള സ്ഥലം ഇവര്‍ പരിശോധിച്ചു. വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.
പദ്ധതിക്ക് ആദ്യഘട്ടമായി നാലരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് എം.ബി.എ, സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് സൈക്കോളജി എന്നീ കോഴ്‌സുകളാണ് ആദ്യം തുടങ്ങുക. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഘട്ടംഘട്ടമായി വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗവേഷണ-പഠനകേന്ദ്രമായി മാറ്റാനാണ് പദ്ധതി. ജനുവരിയില്‍ തന്നെ നിര്‍മാണം തുടങ്ങും. അക്കാദമിക-സാങ്കേതിക സൗകര്യങ്ങളില്‍ വിദഗ്ധ ഉപദേശം ലഭിക്കാനായി അന്താരാഷ്ട്ര സെമിനാര്‍ ഉടന്‍ നടത്തും.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, കെ.കെ. ഹനീഫ, ഡോ. കെ.പി. വിനോദ് കുമാര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. ശിവദാസന്‍, അസി. എന്‍ജിനീയര്‍മാരായ എ. അച്ചു, രാഹുല്‍, ആര്‍ക്കിടെക്ട് എം. ഹരീഷ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. സര്‍വകലാശാല സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന പവലിയന്‍, പുതുതായി നിര്‍മിക്കാന്‍ പദ്ധതിയിട്ട സ്‌കേറ്റിങ് ട്രാക്ക് എന്നിവക്കുള്ള സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.