രാഹുലിനെതിരായ അധിക്ഷേപം: അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം നേതാവ്

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എൽ.ഡി.എഫ് എം.എൽ.എ പി.വി. അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം നേതാവ് എ. സമ്പത്ത്. തെരഞ്ഞെടുപ്പ് കാലത്ത് അടക്കം പ്രസംഗിക്കുമ്പോൾ സഭ്യവും മാന്യവും പക്വവുമായ ഭാഷ ഉപയോഗിക്കണമെന്ന് എ. സമ്പത്ത് പറഞ്ഞു. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പരാമർശങ്ങൾ പാടില്ലെന്നും എ. സമ്പത്ത് ചൂണ്ടിക്കാട്ടി.

മുസഫർ നഗറിലെ കലാപങ്ങൾ ഇല്ലായിരുന്നുവെങ്കിൽ 2019ൽ യു.പിയിലെ രാഷ്ട്രീയ ചിത്രം മറ്റൊന്ന് ആകുമായിരുന്നു. വർഗിയ കലാപങ്ങളും വർഗീയ വിഷവിത്തുകളും വ്യാപിപ്പിച്ചാൽ മാത്രമേ ബി.ജെ.പി രാഷ്ട്രീയ നേട്ടങ്ങൾ നേടുകയുള്ളൂ. ഒന്നാംഘട്ട വോട്ടെടുപ്പിന്‍റെ വോട്ടിങ് ശതമാനം ബി.ജെ.പിക്ക് അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയതെന്നും ചാനൽ ചർച്ചയിൽ എ. സമ്പത്ത് കൂട്ടിച്ചേർത്തു. 

ലോക്സഭ തെരഞ്ഞെടുപ്പിനിടെ രണ്ട് തവണയാണ് പി.വി. അൻവർ രാഹുലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. രാഹുലിന്‍റെ ഡി.എൻ.എ പരിശോധിക്കണമെന്നാണ് തെരഞ്ഞെടുപ്പ് യോഗത്തിൽ അധിക്ഷേപിച്ചത്. പിന്നീട് ‘രാഷ്ട്രീയ പാൽക്കുപ്പി’ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് രാഹുലിനെ അൻവർ പരിഹസിച്ചു.

പാലക്കാട് എടത്തനാട്ടുകരയിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നായിരുന്നു അൻവറിന്‍റെ പരാമർശം. ‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും പി.വി. അൻവർ വ്യക്തമാക്കി.

അൻവറിന്‍റെ പ്രസംഗത്തിൽ നിന്ന്:

‘രണ്ട് ദിവസമായി ‘‘ഗാന്ധി’ എന്ന പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്നന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

എന്താ സ്ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. അക്കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്’’- പി.വി. അൻവർ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ അൻവറിന്‍റെ അധിക്ഷേപത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം രൂക്ഷ വിമർശനമായി രംഗത്ത് വന്നിരുന്നു. അൻവറിനെതിരെ കെ.പി.സി.സി തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.

അതേസമയം, രാഹുലിനെതിരായ അൻവറിന്റെ അധിക്ഷേപ പരാമർശത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും അങ്ങനെ തിരിച്ചുകിട്ടാതിരിക്കാൻ തക്ക നേതാവല്ല രാഹുൽ എന്നും പിണറായി പരിഹസിച്ചു.

Tags:    
News Summary - Insults against Rahul Gandhi: CPM leader publicly rejects PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.