വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച്ചു- കെ. സുധാകരന്‍

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ വേദിയിലും സി.പി.എം സംസ്ഥാന സെക്രട്ടറിയെ സദസിലും ഇരുത്തിയിട്ടും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ല.

കേന്ദ്രത്തില്‍നിന്ന് വായ്പയായി അനുവദിച്ച 817 കോടി രൂപയുടെ വി.ജി.എഫ് ഗ്രാന്റായി മാറ്റണമെന്നു ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് നാവുപൊന്തിയില്ല. സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല. മാസപ്പടി കേസിലും സ്വര്‍ണക്കടത്തു കേസിലുമൊക്കെ കുടുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയതും എഴുന്നേല്ലിക്കുന്നതുമായ ശക്തിയെ വണങ്ങുന്നത് സ്വഭാവകമാണെന്ന് സുധാകരന്‍ പറഞ്ഞു. അനേകം കേസുകളില്‍ കുടുക്കിയും റെയ്ഡുകള്‍ നടത്തിയും ലോക്‌സഭാംഗത്വം തന്നെ എടുത്തുകളഞ്ഞും ഇന്ത്യാമുന്നണിയുടെ നെടുംതൂണ്‍ രാഹുല്‍ ഗാന്ധിയുടെ ഉറക്കംകെടുത്താന്‍ ശ്രമിച്ചിട്ട് ഉറക്കം നഷ്ടപ്പെട്ടത് മോദിയുടേതാണ്.

രണ്ടു ഘടകകക്ഷികളുടെ ഊന്നുവടിയില്‍ തൂങ്ങിനിന്നു ഭരിക്കേണ്ട സാഹചര്യം മോദിക്ക് ഉണ്ടാക്കിയത് രാഹുല്‍ ഗാന്ധിയാണ്. രാജ്യത്ത് ഫാസിസത്തെയും ഏകാധിപത്യത്തെയും തടഞ്ഞുനിര്‍ത്തിയിരിക്കുന്നതും രാഹുല്‍ ഗാന്ധിയാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ത്ഥ ശില്പി ഉമ്മന്‍ ചാണ്ടിയുടെ പേരു പറയാന്‍ പിണറായി വിജയനു നാവുപൊന്തിയില്ല. 1996ലെ ഇടതുസര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതിക്കു തുടക്കമിട്ടതെന്ന് പിണറായി ആവര്‍ത്തിച്ചു കള്ളം പറയുന്നു. 1990- 95ലെ കെ കരുണാകരന്‍/ എകെ ആന്റണി സര്‍ക്കാരുകളുടെ കാലത്ത് തുറമുഖമന്ത്രിയായിരുന്ന എംവി രാഘവനിലാണ് തുടക്കം.

ഉമ്മന്‍ ചാണ്ടി എല്ലാ പ്രക്രിയകളും സുതാര്യമായി പൂര്‍ത്തിയാക്കി 2015ല്‍ വച്ച കരാറില്‍ കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. ആ കരാര്‍ പ്രകാരം മുന്നോട്ടുപോയാണ് പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം വരെ നടത്തിയത്. പദ്ധതിയെ അട്ടിമറിക്കാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്ത പിണറായി വിജയന്‍ തന്നെ വിഴിഞ്ഞം പദ്ധതിയുടെ കര്‍മയോഗിയും ശില്പിയുമായത് വിധിവൈപരീത്യമെന്ന് സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Insulted India Munni and Oommen Chandy at the Vizhinjam inauguration ceremony - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.