കൃഷിയിടങ്ങളിലെ അനധികൃത ഇലക്ട്രിക് ഫെൻസിങ് കണ്ടെത്താൻ പരിശോധന

തിരുവനന്തപുരം: ജില്ലയിൽ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഇലക്ട്രിക് ഫെൻസിങ് കണ്ടെത്താൻ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ തല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തിൽ തീരുമാനിച്ചു. ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റും കെ.എസ്.ഇ.ബിയും ചേർന്ന് സംയുക്തമായിട്ടാകും പരിശോധനകൾ നടത്തുന്നത്.

ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമുള്ള ദീപാലങ്കാരങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ നടപടിക്രമം ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. റിലയൻസ് ജിയോ കമ്പനി കേബിളുകൾ വലിക്കുന്നതിനായി കെ.എസ്.ഇ.ബി ലൈനുകളോട് ചേർന്ന് അകലം പാലിക്കാതെയും അപകടകരമാകും വിധവും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നതിന് യോഗം തീരുമാനിച്ചു. കൂടാതെ വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി വലിച്ചിട്ടുള്ള കേബിളുകൾ ടാഗ് ചെയ്യുന്നതിനും അല്ലാത്തവ അഴിച്ചു മാറ്റുന്നതുമായ പ്രവർത്തികൾ പൂർത്തീകരിക്കും.

ജില്ലയിൽ 2022 മുതൽ ഇതുവരെ വൈദ്യുതി അപകടങ്ങളിൽ 32 പേർക്ക് ജീവനഹാനി സംഭവിച്ചുവെന്ന് ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം അറിയിച്ചു. ഇതിൽ 30 പേർ പൊതുജനങ്ങളും ഒരാൾ കെ.എസ്.ഇ.ബി ജീവനക്കാരനും ഒരു കരാർ തൊഴിലാളിയുമാണ്. അഞ്ച് മൃഗങ്ങളും വൈദ്യുതി അപകടങ്ങളിൽ ചത്തു.

കഴിഞ്ഞ മഴയിൽ ജില്ലയിൽ വെള്ളക്കെട്ടുണ്ടായി വിതരണ ട്രാൻസ്‌ഫോമറുകൾ ഓഫ് ചെയ്യേണ്ടി വന്നതിനാൽ, അവ പരിശോധിച്ച് ഉയരം കൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനിൽ ജോസ് നിർദേശിച്ചു.

കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം, കാട്ടാക്കട ഇലക്ട്രിക് സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എൻഞ്ചിനീയർമാർ, തിരുവനന്തപുരം സിറ്റി കമീഷണർ ഓഫീസിലേയും റൂറൽ എസ്.പി ഓഫീസിലേയും സബ് ഇൻസ്‌പെക്ടർമാർ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Inspection to detect illegal electric fencing in farms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.