കോഴിക്കോട്: ജീവനക്കാർക്ക് ശമ്പളംകൊടുക്കാൻ കാശില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് കോർപറേഷന്റെ കീഴിലുള്ള സ്ഥലങ്ങൾ ഓണച്ചന്തകൾ നടത്താൻ വാടകക്ക് നൽകുന്നു. വ്യാപാരികളെ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തി കെ.എസ്.ആർ.ടി.സി എസ്റ്റേറ്റ് ഓഫിസർ എല്ലാ ജില്ല ഓഫിസർമാർക്കും കഴിഞ്ഞ ദിവസം സർക്കുലർ അയച്ചു.
കെ.എസ്.ആർ.ടി.സിയുടെ ബസ് സ്റ്റേഷനുകളിൽ ഒഴിഞ്ഞുകിടക്കുന്ന സൗകര്യപ്രദമായ സ്ഥലങ്ങൾ, ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ എന്നിവ ഓണക്കാലത്തോടനുബന്ധിച്ച് വ്യാപാരാവശ്യാർഥം ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി വിപുലമായ പ്രചാരണം നടത്താനും സർക്കുലർ നിർദേശിക്കുന്നുണ്ട്. ഓണക്കാലത്ത് വാടയകയിനത്തിൽ വരുമാനം സ്വരൂപിക്കാനും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സ്ഥലസൗകര്യത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന പ്രതിദിന വരുമാനം എത്രയെന്നത് അന്വേഷിച്ച് ജില്ല ഓഫിസർമാർ അംഗീകാരം നേടണം. കച്ചവടക്കാർ മേള നടത്താൻ താൽപര്യപ്പെടുന്ന ദിവസങ്ങളുടെ വാടക 18 ശതമാനം ജി.എസ്.ടി സഹിതം മുൻകൂറായി ഈടാക്കണം. വെള്ളം ഉപയോഗിക്കുന്നതിനും വ്യാപാരികളിൽനിന്ന് മുൻകൂറായി സെക്യൂരിറ്റി തുക ഈടാക്കണം. ഓണക്കാലം അവസാനിക്കുന്ന മുറയ്ക്ക് സ്റ്റാളുകൾ നീക്കംചെയ്യണമെന്ന് രേഖാമൂലം അറിയിപ്പ് നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിനായി മാർക്കറ്റിങ് എക്സിക്യൂട്ടിവുമാരുടെ സഹായം തേടാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന് ബജറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി മറ്റ് പരീക്ഷണങ്ങളും നടത്തുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിലുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും പ്രതീക്ഷിച്ചതുപോലെ വിജയിച്ചിരുന്നില്ല. ഇത്തവണ പദ്ധതിക്ക് വിപുലമായ പരസ്യം നൽകി കൂടുതൽ പേരെ ആകർഷിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.