തിരുവനന്തപുരം: സൗരോർജ ഉൽപാദന രംഗത്ത് ബില്ലിങ് രീതിയിലടക്കം മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുനരുപയോഗ ഉൗർജ ചട്ടഭേദഗതി നടപ്പാക്കുന്നത് വൈകും. ഭേദഗതി പ്രകാരം ഒക്ടോബർ ഒന്നു മുതൽ പുതിയ ബില്ലിങ് രീതി നടപ്പിലാക്കുമെന്നാണ് വൈദ്യുത റഗുലേറ്ററി കമീഷൻ വ്യക്തമാക്കിയിരുന്നത്.
കരട് ചട്ടം പ്രസിദ്ധീകരിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി സെപ്റ്റംബറിൽ തന്നെ അന്തിമചട്ടം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാൽ, ഹൈകോടതി വിധി റഗുലേറ്ററി കമീഷൻ നീക്കങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു. സൗര വൈദ്യുതോൽപാദകരുടെ പ്രതിഷേധ സാധ്യത ഭയന്ന് ചട്ടദേഭഗദതിയിൽ ഓൺലൈൻ തെളിവെടുപ്പ് മാത്രം നടത്തിയതിലാണ് ഹൈകോടതി ഇടപെടൽ ഉണ്ടായത്.
വൈദ്യുതിനിരക്ക് വർധനയടക്കം പ്രധാന വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കമീഷൻ അംഗങ്ങളെത്തി തെളിവെടുപ്പ് നടത്തുകയും ഉപഭോക്താക്കളുടെ പരാതികളും നിർദേശങ്ങളും കേൾക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഏറ്റവുമൊടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചപ്പോഴും കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പൊതുതെളിവെടുപ്പ് നടത്തി. എന്നാൽ, സൗരോർജ ഉൽപാദന രംഗത്തെ ബാധിക്കുന്ന നിർദേശങ്ങളുള്ളതിനാൽ ചട്ടഭേദഗതിയിലെ കരട് സംബന്ധിച്ച തെളിവെടുപ്പ് ഓൺലൈനായി മാത്രം മതിയെന്ന നിലപാടിൽ കമീഷൻ എത്തുകയായിരുന്നു.
കോടതി നടപടികൾ പോലും ഓൺലൈനായി നടക്കുന്നതിനാൽ ഇതിനെതിരെ കോടതിയെ സമീപിച്ചാലും പ്രശ്നമുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു കമീഷൻ. എന്നാൽ, പുരപ്പുറ സൗരോർജ ഉൽപാദകരുടെ ഹരജിയിൽ ഹൈകോടതി ഓൺലൈൻ തെളിവെടുപ്പ് മതിയാവില്ല എന്ന നിലപാടെടുക്കുകയായിരുന്നു. നേരിട്ടുള്ള തെളിവെടുപ്പ് ഇനി നടത്തേണ്ടിവരുന്നത് ഒഴിവാക്കാൻ നിയമ നടപടികളടക്കമുള്ള വഴികൾ കമീഷൻ സ്വീകരിച്ചുവരുന്നുണ്ട്. സെപ്റ്റംബറിൽ നേരിട്ടുള്ള തെളിവെടുപ്പ് നടത്തേണ്ടി വന്നാലും അന്തിമചട്ടം ഒക്ടോബർ ഒന്നിന് മുമ്പ് പുറത്തിറക്കൽ ശ്രമകരമായിരിക്കും.
പുതിയ ബില്ലിങ് രീതി ഒക്ടോബർ ഒന്നു മുതൽ നടപ്പിലാക്കാമെന്ന പ്രതീക്ഷയിലായിരുന്ന കെ.എസ്.ഇ.ബിക്കും കോടതി ഉത്തരവ് തിരിച്ചടിയാണ്. സൗര വൈദ്യുതി ഗ്രിഡിലേക്ക് കൂടുതലായി എത്തുന്നത് പ്രതിസന്ധി വർധിപ്പിക്കുകയാണെന്നും ഇതിന് നിയന്ത്രണം വരുന്ന ചട്ടഭേദഗതി ഉടൻ നടപ്പിലാക്കണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.