ക്വാർട്ടേഴ്‌സിൽ അനധികൃത താമസം: കൊച്ചി നഗരസഭയുടെ നഷ്ടം 2.4 കോടിയെന്ന് റിപ്പോർട്ട്

കോഴിക്കോട് : കണ്ടിജന്റ് ജീവനക്കാർക്ക് അനുവദിച്ച ക്വാർട്ടേഴ്‌സിൽ അനധികൃതമായി താമസിക്കുന്ന ജീവനക്കാരിൽനിന്ന് വീട്ടു വാടക ബത്ത കുറക്കാത്തതിൽ കൊച്ചി നഗരസഭക്കുണ്ടായ നഷ്ടം 2.4 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഫയലുകൾ പ്രകാരം ജീവനക്കാർക്കായി നഗരസഭയുടെ അധികാര പരിധിയിൽ രണ്ട്, നാല്, 10,16,17,18,20 എന്നീ ഹെൽത്ത് സർക്കിളുകളുടെ കീഴിൽ 174 ക്വാർട്ടേഴ്സുണ്ട്. ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിച്ചതിൽ ഈ ക്വാർട്ടേഴിസുകളിൽ പലരും അനധികൃതമായാണ് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി.

2012 ലെ കണക്ക് പ്രകാരം 91 സ്ഥിരം ജീവനക്കാരും, 47 അനധികൃത താമസക്കാരും 36 കാഷ്വൽ തൊഴിലാളികളും ആണ് ഇവിടെ താമസിക്കുന്നത്. നിലവിൽ ഈ ക്വാർട്ടേഴ്‌സ്‌കളിൽ താമസിക്കുന്നവരുടെ കൃത്യമായ ഒരു വിശദാംശവും നഗരസഭ ഫയലുകളിൽ ലഭ്യമല്ല. സ്ഥിര ജീവനക്കാർക്ക് അല്ലാതെ അനുവദിച്ചതിന്റെ വിശദാംശമോ അങ്ങനെ അനുവദിച്ചിട്ടുണ്ടെങ്കിൽ അവരിൽ നിന്നും വാടക ഈടക്കുന്നതായോ പരിശോധനയിൽ കണ്ടെത്താനായില്ല. അവിടെ താമസിക്കുന്ന ഈ ജീവനക്കാരിൽ നിന്നും വീട്ടുവാടക ബത്ത തിരികെ പിടിക്കുന്നില്ല. ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് അനുവദിക്കുന്ന പക്ഷം അവർക്ക് വിട്ടു വാടക ബത്തക്ക് അർഹതയില്ല.

അതിനാൽ, നിലവിൽ താമസിക്കുന്നവരുടെ വിശദാംശങ്ങളും സാലറി സ്റ്റേറ്റ് മെൻറും ആരാഞ്ഞപ്പോൾ പരിശോധിച്ച് നൽകിയ വിവരങ്ങൾ പ്രകാരം ഈ ക്വാർട്ടേർസിൽ നിലവിൽ ജോലി ചെയ്യുന്ന കണ്ടിനജൻറ് ജീവനക്കാർ അല്ലാതെ ജോലിയിൽ നിന്നും വിരമിച്ചവരും, ജോലിയിൽ ഇരിക്കെ മരിച്ചു പോയവരുടെ ബന്ധുക്കളും, താൽകാലിക തൊഴിലാളികളും മറ്റ് വ്യക്തികളും താമസിക്കുന്നതായി തിരിച്ചറിഞ്ഞു. എന്നാൽ, ഇത്രയും ക്വാർട്ടേഴ്സുള്ളതിൽ ആകെ നാലു പേർക്ക് മാത്രമാണ് വീട്ടു വാടക ബത്ത നൽകാതിരിക്കുന്നത്.2012 മുതലുള്ള കണക്ക് പരാശോധിച്ചതിൽ നഗരസഭയുട ഇക്കാര്യത്തിലുള്ള വീഴ്ച ഗുരുതരമാണ്.

ജീവനക്കാർ വിരമിക്കുമ്പോഴും മരിക്കുന്ന പക്ഷവും നിശ്ചിത കാലാവധി കഴിയുമ്പോൾ പുതിയ ജീവനക്കാർക്ക് അനുവദിക്കാത്തതിനും ജീവനക്കാർ അല്ലാത്തവർ താമസിക്കുന്നതിന് എതിരെ നഗരസഭ നടപടി എടുക്കാത്തതിനും കാരണം അറിയിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. നിലവിൽ ജോലി ചെയ്യുന്ന, ക്വാർട്ടേർസിൽ താമസിക്കുന്ന ജീവനക്കാരിൽ നിന്നും വീട്ടു വാടക ബത്ത തിരികെ പിടിക്കാത്തത്തിന് കാരണവും കോർപറേഷൻ നൽകണം.ഒരേ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ക്വാർട്ടേർസ് ലഭിച്ച ജീവനക്കാർക്ക് ചെലവില്ലാതെ താമസിക്കുവാൻ അവസരം ലഭിക്കുന്നു. മറ്റ് ജീവനക്കാർ സ്വന്തം ചെലവിൽ താമസിക്കേണ്ടിയും വരുന്നു. ഇത് അനീതിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കണ്ടിനജന്റ് ജീവനക്കാർക്ക് ക്വാർട്ടേർസ് അനുവദിക്കുന്നതിന് പ്രത്യേക രജിസ്റ്റർ നഗരസഭ സൂക്ഷിക്കുന്നില്ല. കൃത്യമായ അലോട്ട് മന്റെ് നടപടികൾ എടുക്കുന്നില്ല. ആരാണ് താമസിക്കുന്നത് എന്നോ അവരിൽ നിന്നും വീട്ടു വാടക ബത്ത പിടിക്കുന്നുണ്ടോ എന്നോ, താൽക്കാലിക തൊഴിലാളികൾ താമസിക്കുന്ന പക്ഷം അവരിൽ നിന്ന് വാടക ഈടാക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ചോ കൃത്യമായ കണക്ക് കോർപറേഷന്റെ കൈവശം ഇല്ല.

2014 ജൂലൈ ഒന്ന് മുതൽ നടപ്പിലായ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം കൊച്ചി നഗരസഭയിലെ ഏറ്റവും കുറഞ്ഞ വീട്ടു വാടക അലവൻസ് 1,500 രൂപയാണ് ( 2016 നവംമ്പർ ഒന്ന് മുതൽ പുതുക്കിയ വീട്ടു വാടക ). 2019 ജൂലൈ ഒന്ന് മുതൽ നടപ്പിലായ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം കൊച്ചി നഗരസഭയിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വീട്ടുവാടക അലവൻസ് നൽകേണ്ടതാണ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,700 രൂപയും വീട്ടുവാടക അലവൻസ് 2,370 രൂപയും ആണ് (2021 സെപ്തംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക്)

നിയമ പ്രകാരം ക്വാർട്ടേർസ് അനുവദിച്ചു ജീവനക്കാരിൽ നിന്നും വീട്ടു വാടക ബത്ത തിരികെ പിടിക്കാതിരുന്നതിനാൽ ആകെ 2.4 കോടി രൂപ നഗരസഭക്ക് നഷ്മായെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. പത്താം ശമ്പള പരിഷ്‌കരണ കാലയളവ് മുതൽ മാത്രമാണ് തുക കണക്കാക്കിയത്. ഏറ്റവും കുറഞ്ഞ നിരക്ക് കണക്കാക്കുമ്പോഴുള്ള ചെലവാണ് പ്രതിപാദിച്ചത്. ഓരോ ജീവനക്കാരുടെയും അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായി തുക കണക്കാക്കുന്ന പക്ഷം നഷ്ടം ഇതിലും ഏറെയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Illegal stay in quarters: Kochi Municipal Corporation's loss is 2.4 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.