നിലമ്പൂർ: മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിൽനിന്ന് ഒന്നേമുക്കാൽ കോടിയുടെ അനധികൃത സിഗരറ്റ് പിടികൂടി. മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ‍്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്‍റെ നേതൃത്വത്തിൽ നിലമ്പൂർ പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പള്ളിപറമ്പിൽ അസ്കറിന്റെ (37) വീട്ടിൽനിന്ന് സിഗരറ്റുകൾ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചയാണ് പരിശോധന നടന്നത്.
വിവിധ പേരുകളിലുള്ള മൂന്നര ലക്ഷം സിഗരറ്റ് പാക്കറ്റുകളാണ് പിടികൂടിയത്. അനധികൃത സിഗരറ്റ് ഇടപാടിലൂടെ സർക്കാറിന് ലക്ഷങ്ങളുടെ നികുതി നഷ്ടമാണ് ഉണ്ടാവുന്നത്. രഹസ്യമായി നികുതി അടക്കാതെ തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന് വീട്ടിൽ ശേഖരിച്ച് വിവിധ മാർക്കറ്റുകളിലൂടെ വിൽപന നടത്തുകയാണ് ഇവരുടെ രീതി. മാർക്കറ്റിൽ ഒരു പാക്കറ്റിന് 70 രൂപ വിലയുള്ള സർക്കാർ അനുമതിയുള്ള സിഗരറ്റിന് സമാനമായ സിഗരറ്റ് വെറും 20 -25 രൂപക്കാണ് പാക്കറ്റ് ഒന്നിന് സംഘം ചില്ലറ വിൽപന നടത്തിയിരുന്നത്.
പ്രതിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയിൽ എടവണ്ണയിൽനിന്ന് പതിവായി എം സാൻഡ് കയറ്റി തമിഴ്നാട് നീലഗിരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇറക്കി മടങ്ങിവരും വഴിയാണ് സിഗരറ്റ് ഉൽപന്നങ്ങൾ ഗൂഡല്ലൂരിൽനിന്ന് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുവന്നിരുന്നത്.
നിലമ്പൂർ എസ്.ഐ വിജയരാജൻ, ഡാൻസാഫ് സംഘത്തിലെ എസ്.ഐ എം. അസൈനാർ, സീനിയർ സി.പി.ഒ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ടി. നിബിൻ ദാസ്, കെ.ടി. ആസിഫലി, ജിയോ ജേക്കബ്, ഷിജു, എ.എസ്.ഐ റെനി ഫിലിപ്പ്, സി.പി.ഒ വിവേക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി ഉൽപന്നങ്ങൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.