ഇലന്തൂർ ഇരട്ട നരബലി; ഭഗവൽ കത്തിവാങ്ങിയത്പൊലീസ് സ്റ്റേഷന് മുന്നിലെ കടയിൽനിന്ന്
പത്തനംതിട്ട: സമ്പൽസമൃദ്ധിക്കായി നരബലി നടത്താൻ വൈദ്യൻ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുടെ ആസൂത്രണത്തോടെ മുൻകൂട്ടി തയാറെടുപ്പ് നടത്തിയെന്നാണ് തെളിവെടുപ്പിലൂടെ വ്യക്തമാകുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽനിന്ന് 50മീറ്ററിനടുത്ത് കടയിലാണ് സിങ്ങും ഭാര്യയും കത്തികൾ തേടി എത്തിയത്. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ഇരുവരും സ്റ്റേഷന് സമീപത്തെ കടയിൽ എത്തിയപ്പോഴും മനംമാറ്റമുണ്ടായില്ല. കൊലപാതകങ്ങൾ ഒരു കാരണവശാലും പുറംലോകം അറിയില്ലെന്ന് ഇവർ അന്ധമായി വിശ്വസിച്ചിരുന്നു. അബലകളും അനാഥരുമായ സ്ത്രീകളെ കൊലപ്പെടുത്തിയാൽ ആരും ചോദിക്കാൻ വരില്ലെന്നും ഇവർ കരുതി.
പത്തനംതിട്ട മാർക്കറ്റ് റോഡിൽ പാലക്കാട് സ്വദേശികൾ ഓണത്തിനോട് അനുബന്ധിച്ച് തുടങ്ങിയ കടയാണിത്. മൂർച്ചയുള്ള ചെറിയ കത്തികൾ മുതൽ വിവിധ തരത്തിലെ പാലക്കാടൻ കത്തികൾ വരെ ലഭിക്കുന്ന കടയാണിത്. കടയിലെ ജോലിക്കാർക്ക് ഭഗവൽ സിങ്ങിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഓണത്തിനുശേഷം പല ജോലിക്കാരും മാറിയതിനാൽ ആരുടെ കൈയിൽനിന്നാണ് കത്തികൾ വാങ്ങിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷന് മുന്നിലെ കടയിൽനിന്നുമാണ് കത്തി വാങ്ങിയതെന്ന് ഭഗവൽസിങ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച ഉച്ചക്ക് 12.30ന് കടയിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്. മറ്റൊരു വാഹനത്തിലായിരുന്ന ലൈലയെ പുറത്തിറക്കിയില്ല. ഇരുവരെയും കാണാൻ ധാരാളം ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഭഗവൽ സിങ്ങിനെ പുറത്തിറക്കി 20 മിനിറ്റോളം കടയിൽ തെളിവെടുപ്പ് നീണ്ടു. കത്തി വാങ്ങിയതിനുശേഷം ദമ്പതികൾ പോയത് വായ് മൂടിക്കെട്ടാനും മറ്റും ഉപയോഗിക്കുന്ന സാധനങ്ങൾ തേടി നഗരത്തിലെതന്നെ ചൈനീസ് സൂപ്പർ മാർക്കറ്റ് കടയിലേക്കാണ്.
തുടർന്ന് മറ്റ് ദിവസങ്ങളിൽ ഇവർ ഇലന്തൂർ ജങ്ഷനിലെ കടയിൽനിന്ന് നരബലിക്കിരയായവരെ കെട്ടിയിടാനായി കയർ വാങ്ങിയിരുന്നു. കാർഷികോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽനിന്നാണ് കയറും മൃതദേഹങ്ങൾ കുഴിച്ചിടാനായി തൂമ്പയും മൺവെട്ടിയുമടക്കം വാങ്ങിയത്. ഇതിനിടെ വൈദ്യനെ പരിചയമുള്ളവർ തൂമ്പയും മറ്റും വാങ്ങിയതിൽ കൃഷിക്ക് ഉപയോഗിക്കാനാണോ എന്നും കുശലാന്വേഷണം നടത്തിയിരുന്നു. ഇലന്തൂരിലും പ്രതികളെ വാഹനത്തിൽനിന്ന് ഇറക്കിയിരുന്നില്ല.
എന്നാൽ, ആദ്യ കൊലപാതകത്തിൽ എവിടെനിന്നാണ് കത്തി വാങ്ങിയതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.