തൃശൂർ: മേയർക്കെതിരായ വി.എസ് സുനിൽകുമാറിന്റെ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തെരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയർക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കുമെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്ത് പ്രഗത്ഭനായ പാർലമെന്റേറിയനെന്ന് പറഞ്ഞയാളാണ് തൃശൂർ മേയർ എം.കെ വർഗീസെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാർ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മേയറുടെ വസതിയിലെത്തി കേക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രതികരണം.
"ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ഒരാളാണ് മേയർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി നേരിട്ടും അല്ലാതെയും പ്രവർത്തിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർ ആയിരിക്കുന്നയാളാണ് തൃശൂരിലുള്ളത്. ഇടതുപക്ഷത്തിന്റെ ചിലവിൽ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ്.
അങ്ങനെയുള്ള ഒരാളുടെ അടുത്തേക്ക് ബി.ജെ.പി അധ്യക്ഷൻ കേക്കുമായി ചെന്നതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. വഴിതെറ്റി പോയതല്ലെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് എൽ.ഡി.എഫ് അഡ്ജസ്റ്റ് ചെയ്തു പോകുകയാണ്. ആ അഡ്ജസ്റ്റുമന്റിനോട് എനിക്ക് യോജിക്കാനാവില്ല". -വി.എസ് സുനിൽകുമാർ തുറന്നടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.