ഇടുക്കിയില്‍ ഏറ്റവും കുറഞ്ഞ വൈദ്യുതോല്‍പാദനം

തൊടുപുഴ: മഴയില്ലാത്തതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ മൂലമറ്റത്ത് വൈദ്യുതോല്‍പാദനം ഏറ്റവും കുറഞ്ഞ അളവില്‍. തുലാമഴയുടെ സീസണായ ഒക്ടോബറില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും താഴുന്നതും മൂലമറ്റത്ത് വൈദ്യുതോല്‍പാദനം കുറക്കുന്നതും ചരിത്രത്തില്‍ തന്നെ ആദ്യമാണ്. നിലവിലെ അവസ്ഥയനുസരിച്ച് 120 ദിവസം കൂടി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇടുക്കി അണക്കെട്ടില്‍ ശേഷിക്കുന്നുള്ളൂ. വൈദ്യുതോല്‍പാദനത്തിന്‍െറ കാര്യത്തില്‍ ഏറ്റവും ഗുരുതരപ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.
അണക്കെട്ടില്‍ 2348.32 അടി വെള്ളമാണ് ഇപ്പോഴുള്ളത്. ഇത് സംഭരണശേഷിയുടെ 44.44 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 2361.72 അടിയായിരുന്നു. ഇപ്പോള്‍ 13.4 അടി കുറവ്. മൂലമറ്റത്ത് ഞായറാഴ്ച ഉല്‍പാദനം 2.417 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്.


മുന്‍ വര്‍ഷങ്ങളില്‍ ഒക്ടോബറിലെ ശരാശരി പ്രതിദിന ഉല്‍പാദനം ആറ് ദശലക്ഷം യൂനിറ്റാണ്. അണക്കെട്ടില്‍ ജലനിരപ്പ് 90 ശതമാനം വരെയത്തെിയ 1992, 2007, 2013 വര്‍ഷങ്ങളിലെ ഒക്ടോബറില്‍ 18 ദശലക്ഷം യൂനിറ്റ് വൈദ്യുതിവരെ ഉല്‍പാദിപ്പിച്ച ദിവസമുണ്ട്. അന്ന് കേരളത്തിനാവശ്യമായ മൊത്തം വൈദ്യുതിയുടെ നാലിലൊന്ന് ഇടുക്കിയില്‍നിന്നായിരുന്നു.

നിലവിലെ കണക്ക് അനുസരിച്ച് മൊത്തം 900 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇതില്‍ 300 ദശലക്ഷത്തോളം യൂനിറ്റിനുള്ളത് കരുതല്‍ ശേഖരമായി സൂക്ഷിക്കും. പ്രതിദിനം ശരാശരി അഞ്ച് ദശലക്ഷം യൂനിറ്റ് എന്ന തോതില്‍ കണക്കാക്കിയാല്‍ 120 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇടുക്കി ഡാമിന്‍െറ വൃഷ്ടിപ്രദേശത്ത് മഴ പെയ്തിട്ടില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ ഫെബ്രുവരിയോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന.
സാധാരണ തുലാമഴയുടെ സീസണില്‍ മൂലമറ്റത്ത് വൈദ്യുതോല്‍പാദനം പരമാവധി കുറച്ച് ഡാമിലെ വെള്ളം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് കരുതല്‍ ശേഖരമായി സൂക്ഷിക്കാറുണ്ടായിരുന്നു.

എന്നാല്‍, ഇത്തവണ ജില്ലയില്‍ ശരാശരി മഴയുടെ അളവ് 49 ശതമാനം കുറഞ്ഞതിനാല്‍ കരുതല്‍ ശേഖരത്തിലും കാര്യമായ കുറവുണ്ടാകും. വേനല്‍ക്കാലത്ത് അധിക വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാകും ഇതിലൂടെ സംജാതമാകുക. കഴിഞ്ഞദിവസം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 65.2798 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ സംസ്ഥാനത്തിനകത്ത് ഉല്‍പാദിപ്പിച്ചത് 17.6319 ദശലക്ഷം യൂനിറ്റ്. 47.6479 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങി.

 

Tags:    
News Summary - idukki hydroelectric power station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.