തിരുവനന്തപുരം: വൈദ്യുതി ബോർഡ് എതിർത്താലും ഇടുക്കി ജലവൈദ്യുതി പദ്ധതി സംഭരണിക്ക് പുറത്തുള്ള പത്തുചങ്ങലയിൽ പട്ടയം നൽകാൻ സർക്കാർ തീരുമാനം. വൈദ്യുതി ബോർഡ് പത്തുചങ്ങല മേഖലയിൽ ശാസ്ത്രീയ പഠനം നടത്തി മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തണം. അത്തരം സ്ഥലങ്ങളിൽ മാത്രം ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കാൻ നിർദേശം നൽകും. അതിന് കർഷകർക്ക് ബോധവത്കരണവും നൽകും. മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ എന്നിവയുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പട്ടയ നടപടി സ്വീകരിക്കും. ഇത്തരത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി ബോർഡിന് മൂന്നുമാസം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ റിപ്പോർട്ട് നൽകിയില്ലെങ്കിൽ വൈദ്യുതി ബോർഡിെൻറ തടസ്സവാദങ്ങൾ പരിഗണിക്കാതെ പട്ടയ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.
പട്ടയം അനുവദിക്കുന്നതിന് റവന്യൂ, വനം, വൈദ്യുതി വകുപ്പുകളുടെ സംയുക്ത പരിശോധന ഇനി നടത്തില്ല. ഈ പ്രദേശങ്ങളിൽ ഇതിനകം ധാരാളം പരിശോധനകൾ നടത്തിയിട്ടുണ്ട്. വീണ്ടും സംയുക്ത പരിശോനയോ സർവേയോ നടത്തുന്നത് വലിയ പ്രതിഷേധത്തിനും ക്രമസമാധന പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നാണ് പൊതു വിലയിരുത്തൽ. അതിനാലാണ് സംയുക്ത പരിശോധന ഒഴിവാക്കുന്നത്.
ഇരട്ടയാർ പ്രദേശത്ത് കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമി ഒഴികെയുള്ള റവന്യൂ ഭൂമിയിൽ താമസിക്കുന്ന കൈവശക്കാർക്ക് ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകും. കാലങ്ങളായി ഇടുക്കി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് താമസിച്ച് കൃഷിചെയ്യുന്ന കുടുംബങ്ങൾക്ക് വൈദ്യുതി ബോർഡിെൻറ പദ്ധതി പ്രദേശത്ത്നിന്ന് മൂന്നുചങ്ങല വിട്ടുള്ള പ്രദേശത്ത് പട്ടയം നൽകാനും തീരുമാനിച്ചു. വൈദ്യുതി ബോർഡ് എതിർപ്പ് അറിയിക്കുന്ന കേസുകളിൽ മാത്രം അവരുടെ റിപ്പോർട്ട് കൂടി വാങ്ങി പരിശോധിച്ച് സമവായത്തിൽ എത്തിയശേഷം പട്ടയം നൽകും. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഇടുക്കി കലക്ടർക്ക് നിർദേശം നൽകി.
ബി.ടി.ആർ പ്രകാരം ബ്ലോക്ക് 63ൽ റീസർവേ നമ്പർ രണ്ടിൽ 9660 ഏക്കർ ഇടുക്കി പ്രോജക്ട് ഏരിയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പത്തുചങ്ങലയും ഉൾപ്പെടും. പത്തുചങ്ങല പ്രദേശത്ത് 1700 ഏക്കറോളം ഭൂമി 1650 ലധികം കുടുംബങ്ങളുടെ കൈവശമുണ്ടെന്നാണ് കണക്ക്. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ 2004 നവംബർ 19ന് നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.