കൊച്ചി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം ചൊവ്വാഴ്ച രാവിലെ 10ന് തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുമെന്ന് എറണാകുളം കലക്ടർ അറിയിച്ചു. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഡാമിൽ ഇന്ന് രാത്രി 11 മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും.
ഇടമലയാർ ഡാം തുറന്നാൽ ഭൂതത്താൻകെട്ട് ബാരേജിലേക്കാണ് വെള്ളം ആദ്യമൊഴുകി എത്തുന്നത്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന വെള്ളം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്.
ഇടുക്കി ഡാമിൽ മഴ തുടരുന്നതിനാൽ ഇവിടെ നിന്ന് ഒഴുക്കി വിടുന്ന ജലത്തിന്റെ പരിധി 200 ക്യുമെക്സ് ആക്കി ഉയർത്തുമെന്നും അറിയിപ്പുണ്ട്.രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണം.
ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ലോവർ പെരിയാറിനു താഴേക്ക് പെരിയാർ നദിയിൽ കാര്യമായി ജലനിരപ്പ് ഉയരാൻ സാധ്യതയില്ല. ജില്ലയിൽ മഴ മാറി നിൽക്കുന്നതിനാൽ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാൾ താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.