സോഫ്റ്റ്‌വെയർ വികസനത്തില്‍ കൊച്ചിയെ ഇന്ത്യയിലെ ഹബ്ബാക്കുമെന്ന് ഐ.ബി.എം

കൊച്ചിയിലെ ഐ.ബി.എം സോഫ്റ്റ്‌വെയർ ലാബിനെ ഇന്ത്യയിലെ പ്രധാന ഹബാക്കുമെന്ന് ഐ.ബി.എം സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍. മന്ത്രി പി. രാജീവുമായി നടത്തിയ ചർച്ചക്കുശേഷം ഇരുവരും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഐ.ബി.എം കൊച്ചി ലാബിന്റെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകമാണ് ഇവിടത്തെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഐ.ബി.എം ഒരുങ്ങുന്നത്. മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ബിടെക് വിദ്യാർഥികള്‍ക്ക് ആറ് മാസത്തെ മുഴുവന്‍ സമയ പെയ്ഡ് ഇന്‍റേണ്‍ഷിപ്പ് നല്‍കാന്‍ ധാരണയായി. വിദ്യാർഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാന്‍ ഇതുവഴി സൗകര്യമൊരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.

ഓൺലൈൻ പഠനത്തിനൊപ്പം ആയിരിക്കും ആറ് മാസത്തെ ഇന്റേൺഷിപ്പ് ലഭിക്കുന്നത്. ഐ.ബി.എമ്മിൽ ഇന്റേൺഷിപ്പ് ലഭിക്കുന്നവരെ കാത്തിരിക്കുന്നത് വൻകിട ഐ.ടി കമ്പനികളിൽ നിന്നുള്ള മികച്ച അവസരങ്ങളാണ്. കൊച്ചിയിലെ ഐ.ബി.എം ലാബ് രാജ്യത്തെ പ്രധാന ഹബാകുന്നതോടെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും.

ഐ.ബി.എമ്മിന്‍റെ സോഫ്റ്റ് വെയർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കൊച്ചിയിലേക്ക് എത്തും. കുറഞ്ഞത് 10 കമ്പനികളെങ്കിലും കൊച്ചിയിൽ എത്താനുള്ള സാധ്യതയുണ്ട്. ഇന്ന് ലോകത്തെ പ്രധാന കമ്പനികൾ ഉപയോഗിക്കുന്ന പല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡാറ്റാ സോഫ്റ്റ് വെയറുകളും കേരളത്തില്‍ വികസിപ്പിച്ചെടുത്തതാണെന്നും മന്ത്രി പറഞ്ഞു.

ഒരു വര്‍ഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐ.ബി.എം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാർഥികൾക്ക് പെയ്ഡ് ഇന്‍റേണ്‍ഷിപ്പിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർച്ചയിലെത്തിയ ഐ.ബി.എം ലാബാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് ഐ.ബി.എം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ്‌വെയർ ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 2022 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലാബ് ഒരു വര്‍ഷത്തിനകം തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്റ്റ് വെയർ വികസന കേന്ദ്രമായി മാറി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

News Summary - IBM said that Kochi will be the hub of India in software development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.