ഐ.ബി ഉദ്യോഗസ്​ഥയുടെ ആത്​മഹത്യ: ഒളിവിൽ പോയ സുകാന്തിനെ സർവിസിൽനിന്ന് പുറത്താക്കാനുള്ള നടപടി തുടങ്ങി

തിരുവനന്തപുരം: ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളവിൽ പോയ സുകാന്തിനെ സർവിസിൽ നിന്ന് പുറത്താക്കാനുള്ള നടപടി ആരംഭിച്ചു. കൊച്ചി വിമാനത്താവളത്തിലെ എമി​ഗ്രേഷൻ വിഭാ​ഗം ഉദ്യോ​ഗസ്ഥനായ സുകാന്ത് പ്രൊബേഷൻ പിരീഡിലാണ്.

അതേസമയം, സംഭവ നടന്ന് 19 ദിവസമായിട്ടും സുകാന്തിനെ കണ്ടെത്താനാവാതെ വലയുകയാണ്​ പൊലീസ്​. സുകാന്തും കുടുംബവും എവിടെയെന്നതില്‍ ഇതുവരെ പൊലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ല. അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസ്​ കാണിച്ച അലംബാവമാണ്​ ഇതിന്​ കാരണമെന്ന്​ മരിച്ച ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിക്കുന്നു. മരണത്തിന്​ കാരണം സുകാന്താണെന്ന്​ തുടക്കത്തിൽ തന്നെ യുവതിയുടെ കുടുംബം പരാതിപെട്ടിരുന്നു. എന്നാൽ, അയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാ​നോ പൊലീസ് തയാറായില്ല. മരിക്കുന്നതിന് തൊട്ടുമുമ്പും യുവതി സുകാന്തുമായി സംസാരിച്ചതിന്റെ ഉൾപ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തിയതോടെ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്​.

സുകാന്തിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവതിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇയാളെ കണ്ടെത്തിയാൽ മാത്രമേ ഇരുവരും അവസാനമായി സംസാരിച്ചത്​ എന്താണെന്നും മരണ കാരണവും അറിയാന്‍ സാധിക്കൂ. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയും സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ഇല്ല. പ്രത്യേക സംഘമായി തിരിഞ്ഞാണ് അന്വേഷണം.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശിയെ മാർച്ച്‌ 24ന്​ രാവിലെ 9.30ഓടെയാണ്​ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ്‌ ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. 

Tags:    
News Summary - IB officer's suicide follow up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.