തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ് വിവാദത്തോടെ, മറനീക്കിയ ഐ.എ.എസ് ചേരിപ്പോര് പുതിയ തലത്തിലേക്ക്. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതര ആരോപണങ്ങളോടെ ചീഫ് സെക്രട്ടറിക്കും അഡീഷനൽ ചീഫ് സെക്രട്ടറിക്കുമെതിരെ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് വക്കീൽ നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണന് എന്നിവര്‍ക്കാണ് നോട്ടീസ്. കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ പരസ്യമായി മാപ്പുപറയണമെന്നും വിശദ അന്വേഷണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ജയതിലക് ഉള്‍പ്പെടെയുള്ളവർ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും നോട്ടീസിലുണ്ട്. മറുപടിയില്ലാത്ത പക്ഷം നിയമപോരാട്ടമാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. അഡ്വ. രാഘുല്‍ സുധീഷ് മുഖേനയാണ് നോട്ടീസ് അയച്ചത്. വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ഉന്നതിയുടെ സ്ഥാപക സി.ഇ.ഒയായിരുന്ന കാലത്ത് ഫയലുകള്‍ കാണാതായതും ഹാജര്‍ ക്രമക്കേടുകളുമാരോപിച്ച് എ. ജയതിലക് തയാറാക്കിയ എക്സ്പാര്ട്ടെ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് നോട്ടീസില്‍ പറയുന്നു. രണ്ടു കത്തുകള്‍ അടിസ്ഥാനമാക്കിയാണ് ജയതിലക് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കത്തുകള്‍ കെട്ടിച്ചമച്ചതും സര്‍ക്കാറിന്റെ ഇ-ഓഫിസ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ളതുമാണ്. വാട്സ്ആപ് ഗ്രൂപ് വിവാദത്തില്‍ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടല്‍ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഡയറക്ടര്‍ ജനറല്‍ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നല്‍കിയതിന് ഗോപാലകൃഷ്ണനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.
ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് 2024 നവംബര്‍ 14ന് ചീഫ് സെക്രട്ടറിയെ ഔപചാരികമായി അറിയിച്ചെങ്കിലും, സര്‍ക്കാര്‍ രേഖകളില്‍ കുറ്റവാളികള്‍ തുടര്‍ച്ചയായി കൃത്രിമം കാണിക്കുന്നത് അനുവദിച്ച് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. പ്രശാന്ത് ആരോപണമുന്നയിച്ചതിനു പിന്നാലെ, ജയതിലകിനെതിരെ മറ്റ് നിരവധി കീഴുദ്യോഗസ്ഥരും സമാന ആരോപണവുമായി രംഗത്തെത്തിയതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.