ശാരദ മുരളീധരൻ
തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്തെ ചേരിപ്പോര് സർക്കാറുമായുള്ള ഏറ്റുമുട്ടലിലേക്ക്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു.
കേസിൽ വിശദീകരണമാരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് ട്രൈബ്യൂണൽ നോട്ടീസും അയച്ചു. ഏപ്രിൽ ഒന്നിനാണ് മറുപടി നൽകേണ്ടത്. എൻ. പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടിയതു സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ് മറ്റൊരു പോര്.
ബി. അശോകിനെ സെക്രട്ടേറിയറ്റിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റിയതാണ് പുതിയ പ്രശ്നത്തുടക്കം. തദ്ദേശ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായാണ് നിയമിച്ചത്. ഇതിനെതിരെ അശോക് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചും മന്ത്രിസഭ തീരുമാനപ്രകാരവുമാണ് നിയമനമെന്നാണ് സർക്കാർ നിലപാട്. കമീഷൻ അധ്യക്ഷ പദവി പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമാണെന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു.
കേഡർ തസ്തികയിൽ ചുരുങ്ങിയത് രണ്ട് വർഷത്തേക്കാണ് നിയമനമെന്നും അതിനുമുമ്പ് മാറ്റാൻ സിവിൽ സർവിസസ് ബോർഡിന്റെ ശിപാർശ വേണമെന്നുമുള്ള ട്രൈബ്യൂണൽ ഉത്തരവ് കാട്ടിയാണ് അശോകിന്റെ മറുനീക്കം. നിലവിലെ ചുമതലയിൽ രണ്ട് വർഷം ആകുന്നത് ഫെബ്രുവരിയിലാണ്.
എന്നാൽ ജനുവരി ഒമ്പതിന് ഭരണപരിഷ്കരണ കമീഷൻ അധ്യക്ഷനാക്കി. സിവിൽ സർവിസസ് ബോർഡിന്റെ ശിപാർശ വേണമെന്ന ട്രൈബ്യൂണൽ ഉത്തരവ് പാലിച്ചില്ലെന്നതാണ് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നീക്കത്തിന് അശോക് പിടിവള്ളിയാക്കിയത്.
തദ്ദേശഭരണ പരിഷ്കാര കമീഷൻ രൂപവത്കരിക്കുകയോ പരിഗണനാ വിഷയങ്ങൾ നിർണയിക്കുകയോ ചെയ്തിട്ടില്ല. ഭരണപരിഷ്കരണ കമീഷൻ സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ അധ്യക്ഷ സ്ഥാനമാകട്ടെ ഐ.എ.എസ് കേഡറിന് പുറത്തും. തദ്ദേശവകുപ്പിൽ കുറഞ്ഞ മാസങ്ങളേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും അനുഭവസമ്പത്തുള്ളവർ സർവിസിലുണ്ടെന്നും അശോക് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.