ഞാൻ വൃക്ക തരാം; ധീരതയിൽ തിളങ്ങി മുംതാസ് സുബൈർ

വടുതല: യുവാവിന്‍റെ വൃക്ക മാറ്റിവെക്കുന്നതിന് പണം സ്വരൂപിക്കാൻ ചേർന്ന ആലോചനയോഗത്തിൽ എല്ലാവരെയും ഞെട്ടിച്ചാണ് അരൂക്കുറ്റി പഞ്ചായത്ത് മുൻ പ്രസിഡന്‍റും ആറാം വാർഡ് അംഗവുമായ മുംതാസ് ബഷീറിന്‍റെ വാക്കുകളെത്തുന്നത്. മറ്റൊന്നും ആലോചിക്കാതെ ‘ഞാൻ വൃക്ക തരാം’... എന്ന സന്നദ്ധത അറിയിച്ചപ്പോൾ അൽപനേരം സദസ്സ് നിശ്ശബ്ദമായി.

അരൂക്കുറ്റിയിൽ താമസിക്കുന്ന നിസാർ എന്ന യുവാവിന്‍റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ദാതാവിനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യം യോഗത്തിൽ ചർച്ചയാപ്പോഴാണ് മുംതാസ് ബഷീറിന്‍റെ ഇടപെടൽ. പൊതുപ്രവർത്തക കൂടിയായ വനിതയുടെ ഈ സന്നദ്ധതയും ധീരതയും സദസ്സിലുള്ള ചിലരുടെ കണ്ണ് നനയിപ്പിച്ചു. ആ കുടുംബവുമായി ബന്ധമില്ലാതിരുന്നിട്ടും കണ്ണീരൊപ്പാൻ കാണിച്ച ആർജവമാണ് എല്ലാവരെയും ഞെട്ടിച്ചത്. യോഗത്തിൽ പങ്കെടുത്ത രോഗിയായ യുവാവിന്റെ ഭാര്യയുടെയും മകളുടെയും മുഖം തന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നും അതുകൊണ്ടാണ് ഒന്നും ചിന്തിക്കാതെ തയാറായതെന്ന് അവർ പറഞ്ഞു.

തന്റെ വൃക്ക യോജിക്കുമോ?...വീട്ടുകാർ സമ്മതം തരുമോ തുടങ്ങിയ ചോദ്യങ്ങളൊന്നും അപ്പോൾ തന്‍റെ മനസ്സിലേക്ക് വന്നില്ലെന്നും മുംതാസ് പറഞ്ഞു. അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് പാണ്ട്യാലപ്പറമ്പ് പരേതനായ അലിയാരുടെ മകൻ സുബൈർ കോട്ടൂരിന്റെ ഭാര്യയാണ് മുംതാസ്.

രണ്ടാമത്തെ പ്രാവശ്യമാണ് മുംതാസ് സുബൈർ ആറാംവാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. തന്റെ വാർഡിലും മറ്റും ധാരാളം കാരുണ്യപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയിട്ടുണ്ട്. നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ നേതൃപരമായ പങ്കുവഹിച്ച ഇവരുടെ പ്രവർത്തനം സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയാണ്.

Tags:    
News Summary - I will give you a kidney; Mumtaz Zubair shone with bravery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.