500 രൂപക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥയുണ്ടായിരുന്നു, ഇന്ന് ആരേയും ആശ്രയിക്കാതെ ജീവിക്കുന്നു- രേണു സുധി

ആറുമാസം മുൻപുവരെ മക്കൾക്ക് എന്തെങ്കിലും വാങ്ങാൻ 500 രൂക്ക് തെണ്ടേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും ഇന്ന് ആരേയും ആശ്രയിക്കാതെ സന്തോഷമായി ജീവിക്കുന്നുവെന്നും തുറന്നുപറഞ്ഞ് രേണു സുധി. അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിലാണ് അഭിനയരംഗത്തേക്ക് രേണു എത്തിയതെങ്കിലും റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങി. റീല്‍സുകളിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ രേണു സുധിക്ക് സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു .

സുധിയുടെ മരണശേഷം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. ഇന്ന് തനിക്ക് നല്ല ജീവിതസാഹചര്യമാണുള്ളതെന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

”എന്റെ പിള്ളേര്‍ക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാന്‍ ആരോടെങ്കിലും അഞ്ഞൂറ് രൂപ ചോദിക്കണം എന്ന് വരെ കരുതിയിരുന്നു. പലരും ആ സമയത്ത് സഹായിച്ചു.”

"അഞ്ഞൂറ് ചോദിച്ചപ്പോള്‍ ആയിരം തന്നവരുണ്ട്. ഒന്നും തരാനില്ലെന്ന് പറഞ്ഞവരുമുണ്ട്. ലക്ഷങ്ങളോ കോടികളോ ഒന്നും എന്റെ കയ്യില്‍ ഇല്ല. പക്ഷെ 500 രൂപക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല. ആരുടെ മുന്നിലും കൈ നീട്ടാതെ വീട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും എന്റെയും കാര്യങ്ങള്‍ നടന്ന് പോകാനുള്ള വരുമാനമുണ്ട്. മുൻപ് എന്റെ അക്കൗണ്ട് സീറോ ബാലന്‍സിലായിരുന്നു. ഇപ്പോള്‍ ആ അവസ്ഥ മാറി. ഇഷ്ടംപോലെ വര്‍ക്കും ഉണ്ട്” രേണു പറഞ്ഞു.

ഷോര്‍ട്ട് ഫിലിമുകളും ഉദ്ഘാടനങ്ങളും പ്രമോഷനുകളുമായി തിരക്കിലാണ് രേണുവെങ്കിലും സോഷ്യൽ മീഡിയയിൽ എന്നും വിവാദങ്ങൾക്ക് ഇടയാകുന്ന താരമാണ് രേണു. 'ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന റീൽ പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി രേണുവിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഇതിനിടെ വിദേശയാത്രയും നടത്തിയിരുന്നു. ഈ യാത്രയുടെ പേരിലും രേണു രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് സുപരിചിതയായത്.

കേരളത്തിൽ മാത്രമല്ല, വിദേശത്തുനിന്നും രേണുവിനെ തേടി ഉദ്ഘാടന ക്ഷണങ്ങൾ എത്തുന്നുണ്ട്. അടുത്തിടെ 15 ദിവസത്തോളം ദുബായിൽ ഉദ്ഘാടന-പ്രമോഷൻ പരിപാടികളുമായി രേണു തിരക്കിലായിരുന്നു. ഒരു ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി രേണു ബഹ്‌റൈനിലേക്ക് യത്ര തിരിക്കും മുൻപ് സുധിയുടെ ചിത്രത്തിന് മുന്നിൽ കൈകൂപ്പി പ്രാർഥിക്കുന്ന രേണുവിന്റെ വീഡിയോയും സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. 

Tags:    
News Summary - I used to have to work for Rs 500, now I live without depending on anyone - Renu Sudhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.