ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീൽ; ‘അപേക്ഷിച്ചത് അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാൻ’

മലപ്പുറം: സര്‍വിസ് ബുക്ക് തിരുത്തി പെന്‍ഷന്‍ വാങ്ങാന്‍ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഡോ. കെ.ടി. ജലീൽ എം.എൽ.എ. എയ്ഡഡ് കോളജ് അധ്യാപകന് ലഭിക്കേണ്ട ന്യായമായ അവകാശം കിട്ടാനാണ് അപേക്ഷ നൽകിയതെന്നും അതിൽ യാതൊരു മറച്ചുവെക്കലുകളുമില്ലെന്നും ഡോ. കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം ലെക്ചറർ ആയിരിക്കെയാണ് 2006ൽ കുറ്റിപ്പുറത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2021 ഏപ്രിൽ വരെ ലീവിലായിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിന് ഒരാഴ്ച മുമ്പാണ് എയ്ഡഡ് ജീവനക്കാർക്ക് മത്സരിക്കാൻ ജോലി രാജി വെക്കണമെന്ന വിധി ഹൈകോടതി പുറപ്പെടുവിച്ചത്. നോമിനേഷൻ നൽകാൻ ജോലി രാജിവെക്കണമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിക്കത്ത് നൽകിയത്. നോമിനേഷൻ നൽകി രണ്ടു ദിവസം കഴിഞ്ഞപ്പോൾ സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു. ഹൈകോടതി വിധിയില്ലായിരുന്നെങ്കിൽ രണ്ടു വർഷവുംകൂടി ലീവിൽ തുടരാമായിരുന്നെന്നും നോമിനേഷനായി രാജിവെക്കേണ്ടിയും വരുമായിരുന്നില്ലെന്നും ജലീൽ കുറിപ്പിൽ പറയുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാജി ടെക്നിക്കൽ രാജിയായി (വിടുതൽ) പരിഗണിക്കണമെന്നും, ജോലിചെയ്ത പന്ത്രണ്ടര വർഷത്തെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. രാജി, ടെക്നിക്കൽ രാജിയായി പരിഗണിക്കാവുന്നതാണെന്ന കവറിങ് ലെറ്ററോടെ അപേക്ഷ മാനേജർ സർക്കാറിലേക്ക് അയച്ചു.

അനുകൂല നിയമോപദേശം കിട്ടിയതിനെ തുടർന്ന് ഫയൽ അനുബന്ധ നടപടികൾക്കായി ഫിനാൻസിലേക്കും ഹയർ എജുക്കേഷനിലേക്കും പോയിരിക്കുകയാണ്. പത്തുവർഷം സർവിസ് ഉള്ളവർക്ക് പെൻഷൻ ലഭിക്കാൻ അവകാശമുണ്ട്. കൂടുതൽ ശമ്പളത്തോടെ മറ്റേതെങ്കിലും ജോലി എടുക്കാനോ വിദേശത്ത് ബിസിനസ് ചെയ്യാനോ ആയിരുന്നില്ല തന്റെ രാജിയെന്നും ജലീൽ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - I applied to get the benefit I deserve - K.T. Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.