പാലക്കാട്: ലൈംഗിക ആരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബി.ജെ.പി നടപടിയെടുക്കുകയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്നും എന്നാൽ സ്വന്തം പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും വ്യക്തമാക്കി.
രാഹുലിനൊപ്പം പൊതു പരിപാടിയിൽ പങ്കെടുത്തത് വികസന പ്രവർത്തനമെന്ന നിലയിലാണ്. വാർഡ് കൗൺസിലറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി രേഖാമൂലമോ വിളിച്ചറിയിച്ചോ ഒരു നിർദേശവും തന്നിട്ടില്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്നും എന്നാൽ താൻ സ്വന്തം പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും പ്രമീള പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. പ്രമീള ശശിധരനെതിരെനടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി. കൃഷ്ണകുമാർ പക്ഷം നേതൃത്വത്തെ സമീപിച്ചിരുന്നു. പാലക്കാട് നഗരസഭാ അധ്യക്ഷസ്ഥാനത്ത് നിന്നും പ്രമീള ശശിധരൻ രാജിവെക്കണമെന്നാണ് കൃഷ്ണകുമാർ പക്ഷം ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ ആവശ്യം ഉന്നയിച്ചു. ബി.ജെ.പി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് പ്രമീള ശശിധരന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. ഡി.വൈ.എഫ്.ഐയേക്കാൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധമുയർത്തിയ പാർട്ടിയായിരുന്നു ബി.ജെ.പി. ഈ സാഹചര്യത്തിൽ നഗരസഭ ചെയർപേഴ്സൺ തന്നെ രാഹുലിനോടൊപ്പം പരിപാടിയിൽ പങ്കെടുത്തത് എങ്ങനെ വിശദീകരിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ കോർ കമ്മിറ്റി യോഗത്തിൽ ചോദിച്ചു. നടപടിയെടുത്തില്ലെങ്കിൽ പാർട്ടി അച്ചടക്കം തകരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. അതേസമയം, പ്രമീള ശശിധരൻ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുൽ രാജിവെക്കും വരെ ബി.ജെ.പി പ്രതിഷേധം തുടരും. ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. പ്രമീള ശശിധരൻ പരിപാടിയില്‍ പങ്കെടുക്കരുതായിരുന്നു. പ്രമീള അരുതാത്തത് ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്. പാർട്ടി വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞിരുന്നു.
പ്രമീള ശശിധരന്റെ പ്രവൃത്തി സ്ത്രീവിരുദ്ധമാണെന്നും നേതാക്കള്‍ വിമർശിച്ചു. പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
കഴിഞ്ഞദിവസം, സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ചെയർ പേഴ്സൺ പ്രമീള ശശിധരൻ രാഹുലിനൊപ്പം പങ്കെടുത്തത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചത്. നഗരസഭാ ചെയർപേഴ്‌സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളുംപറഞ്ഞിരുന്നത്. കൂടാതെ രാഹുലിന്റെ ഓഫീസിലേക്ക് പലതവണ മാർച്ചും നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ മഹിളാ മോർച്ചാ പ്രവർത്തകർ കോഴിയെ കെട്ടിത്തൂക്കുന്ന സാഹചര്യം പോലുമുണ്ടായി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിലിന് കത്തയച്ചിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ കണക്കിലെടുത്താണ് ആഗസ്റ്റ് 22ന് നടന്ന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്തയച്ചത്.
ലൈംഗികാരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുലിനെ പൊതുവേദികളിൽ വിലക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. ആഗസ്റ്റിലെ ഒരു പരിപാടിയിൽ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ട് നഗരസഭാ ഉപാധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ് രാഹുലിന് നൽകിയ കത്ത് പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.