ഇതിലും ലാഭം വിമാനയാത്ര! എൻ.എച്ച് ടോൾ കീശകീറും, കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് 3,000 രൂപ
കാസർകോട്: ദേശീയപാത 66 പൂർണമായി സജ്ജമാകുന്നതോടെ കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെ കാറിൽ പോകുന്നവർ ടോളിനായി മാത്രം വലിയ തുക മാറ്റിവെക്കേണ്ടിവരും. ഒരു ദിശയിലേക്കുള്ള യാത്രക്ക് ഏകദേശം 3000 രൂപ വരെ ടോൾ നൽകേണ്ടിവരുമെന്നാണ് എൻ.എച്ച് അധികൃതർ അറിയിക്കുന്നത്. അങ്ങനെ വന്നാൽ കാസർകോട് -തിരുവനന്തപുരം പോയിവരാൻ ടോൾ ചെലവ് മാത്രം 6000 രൂപയ്ക്കു മുകളിലാകും.
റോഡ് യാത്രയുടെ ഈ ചെലവ് വിമാന, ട്രെയിൻ നിരക്കുകളോട് മത്സരിക്കുന്ന നിലയിലേക്കാണ് എത്തുന്നത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്താൽ എയർ ഇന്ത്യ എകസ്പ്രസിൽ കണ്ണൂരിൽനിന്ന് തിരുവനന്തപുരം വരെ 2550 രൂപ മുതൽ യാത്ര ചെയ്യാം. എന്നാൽ കാസർകോട്ടുനിന്ന് തലസ്ഥാനത്തേക്ക് കാറിൽ പോകുമ്പോൾ ടോളിനു മാത്രം 3000 രൂപയോളം നൽകേണ്ടിവരും. ഇതിനു പുറമേ വാഹനത്തിന്റെ ഇന്ധനച്ചെലവും വഹിക്കണം.
കാസർകോട് -തിരുവനന്തപുരം വന്ദേഭാരത് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റിന് ഒരാൾക്ക് 2860 രൂപയാണ്. ഇരുവശത്തേക്കുമുള്ള യാത്രക്ക് 5720 രൂപ. അതേസമയം, കാറിൽ ഇതേ റൂട്ടിൽ പോയിവരുമ്പോൾ ടോളിനായി മാത്രം 6000 രൂപയിലധികം ചെലവാക്കേണ്ടി വരും.
2024ൽ ലഭ്യമായ കണക്കുപ്രകാരം കാസർകോട് -തിരുവനന്തപുരം പാതയിൽ 11 ടോൾ പ്ലാസകളിലൂടെ കടന്നുപോകാൻ ഒരു ദിശയിലേക്കുള്ള ആകെ തുക 1650 രൂപയായിരുന്നു. ഇതിനുപുറമേ രണ്ട് ടോൾ പ്ലാസകൾകൂടി വരുന്നതോടെയാണ് ആകെ ടോൾ ഏകദേശം 3000 രൂപയിലേക്ക് എത്തുമെന്ന വിലയിരുത്തൽ.
ഓരോ റീച്ചിലുമുള്ള നിർമാണരീതിയും അതിന് വന്ന ചെലവും പരിഗണിച്ചാണ് ടോൾ നിശ്ചയിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പലയിടത്തും നിർമാണം നീണ്ടുപോയതും രൂപകൽപനയിലും നിർമാണരീതിയിലും മാറ്റങ്ങൾ വന്നതും ചെലവ് വർധിപ്പിച്ചെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. 60 കിലോമീറ്ററോളം ഇടവിട്ടാണ് ടോൾ പ്ലാസകൾ ക്രമീകരിക്കുന്നത്. എന്നാൽ ഓരോ റീച്ചിന്റെയും സ്വഭാവവും നിർമാണരീതിയും അനുസരിച്ച് ഈ അകലം മാറാം. ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയ പ്രത്യേക നിർമാണങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ ടോൾ നിരക്കും കൂടും. ഇത്തരം ഭാഗങ്ങളിൽ സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് ഈടാക്കുക.
ഇതിൽ ഏറ്റവും ഉയർന്ന ടോൾ വരാൻ സാധ്യത അരൂർ -തുറവൂർ ഉയരപ്പാതയിലെ എരമല്ലൂർ പ്ലാസയിലാണ്. ഇവിടെ എം.എൽ.എഫ്.എഫ് അഥവാ മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ സംവിധാനം നടപ്പാക്കും. ടോൾ ബൂത്തിൽ വാഹനം നിർത്തേണ്ടതില്ല. റോഡിനു മുകളിലായി സ്ഥാപിക്കുന്ന കാമറകൾ വാഹനത്തെ തിരിച്ചറിയുകയും ഫാസ്റ്റ്ടാഗിൽനിന്ന് നേരിട്ട് തുക ഈടാക്കുകയും ചെയ്യും.
നിലവിൽ അഞ്ചു ടോൾ പ്ലാസ, 585 രൂപ
നിലവിൽ എൻ.എച്ച് 66ൽ അഞ്ചു ടോൾ പ്ലാസകളാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം കടക്കാൻ കാറിന് ഒരു ദിശയിലേക്കു മാത്രം ആകെ 585 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. കണ്ണൂർ കൊളശ്ശേരി– 80 രൂപ, എറണാകുളം കുമ്പളം – 50 രൂപ, തിരുവനന്തപുരം തിരുവല്ലം – 160 രൂപ, മലപ്പുറം വെട്ടിച്ചിറ – 160 രൂപ, കോഴിക്കോട് ഒളവണ്ണ – 135 രൂപ എന്നിവയാണ് നിലവിലെ നിരക്കുകൾ.
നിർമാണം തുടരുന്ന റീച്ചുകളായ കാസർകോട് ചാലിങ്കാൽ, കണ്ണൂർ കല്യാശ്ശേരി, കോഴിക്കോട് അഴിയൂർ, തൃശൂർ നാട്ടിക, ആലപ്പുഴ എരമല്ലൂർ ഉയരപ്പാത, ആലപ്പുഴ കൃപാസനം ജങ്ഷൻ, കൊല്ലം ഓച്ചിറ, കൊല്ലം കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ കൂടി ടോൾ പ്ലാസകൾ വരുന്നതോടെ നിരക്ക് പൂർണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.