Representational Image

അർധരാത്രി സൈക്കിളിൽ ഒരു പെൺകുട്ടി, ഉടൻ ജോർജിന്‍റെ ഇടപെടൽ; ആശങ്കയുടെ ആറ് മണിക്കൂറുകൾക്ക് അവസാനമായത് ഇങ്ങനെ

കൊച്ചി: രാത്രി 11.50ഓടെ ഗോശ്രീ പാലംവഴി വാഹനത്തിൽ കടന്നുപോകുമ്പോഴാണ് ഡി.പി വേൾഡിൽ ഫയർമാനായി ജോലിചെയ്യുന്ന ജോർജ് സൈക്കിളിൽ പോകുന്ന പെൺകുട്ടിയെ കണ്ടത്​. നഗരത്തിൽ പെൺകുട്ടിയെ കാണാതായിട്ടുണ്ടെന്ന വാർത്ത ഇതിനോടകം അറിഞ്ഞിരുന്ന ജോർജ് വാഹനം നിർത്തി കുട്ടിയുടെ സമീപമെത്തി വിവരങ്ങൾ ആരാഞ്ഞു. എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ, എളമക്കരയിലാണെന്ന് കുട്ടി മറുപടി പറഞ്ഞു. ഇതോടെ കാണാതായ കുട്ടി തന്നെയാണിതെന്ന് ഉറപ്പിച്ച് ജോർജ് പൊലീസിനെ വിവരം അറിയിച്ചു.

സ്കൂളിലേതടക്കം പലവിധ പ്രശ്നങ്ങൾ പറഞ്ഞ് കുട്ടി വിങ്ങിപ്പൊട്ടിയതായി ജോർജ് പറഞ്ഞു. സൈക്കിളിൽ നായരമ്പലംവരെ പോയി മടങ്ങിവരുകയാണെന്നാണ് കുട്ടി പറഞ്ഞത്. വൈകീട്ട്​ നായരമ്പലം ക്ഷേത്രത്തിന്‍റെ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. പൊലീസ് വരുന്നതുവരെ കുട്ടിയെ സുരക്ഷിതയാക്കി ജോർജ് പാലത്തിൽതന്നെ നിലയുറപ്പിച്ചു. തുടർന്ന് പൊലീസിനും കുട്ടിയുടെ അമ്മക്കും കുട്ടിയെ കൈമാറി.

പച്ചാളത്ത് നിന്നും ഇന്നലെ വൈകീട്ട് കാണാതായ സ്കൂള്‍ വിദ്യാർഥിനിയെ ആറര മണിക്കൂറിന് ശേഷമാണ് വല്ലാർപാടം കാളമുക്കിന് സമീപത്ത് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താനായി സെന്‍ട്രല്‍ എ.സി.പി ജയകുമാറിന്‍റെ നേതൃത്വത്തില്‍ നഗരത്തിലെ മുഴുവന്‍ പൊലീസും തെരച്ചിലിനിറങ്ങിയിരുന്നു.

എളമക്കരയിലെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് വൈകുന്നേരം അഞ്ച് മണിയോടെ കാണാതായത്. വിദ്യാർഥിനിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും രക്ഷിതാക്കളോട് സ്കൂളിലേക്ക് വരാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ വിഷമിച്ചാണ് കുട്ടി വീട്ടിലേക്ക് വരാതെ മാറി നിന്നതെന്നാണ് വിവരം. 

Tags:    
News Summary - How George helps to found the missing girl from Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.