പോത്തൻകോട്: വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആത്മഹത്യാ ഭീഷണിയുമായി യുവതി. പോത്തൻകോട് സ്വദേശിനിയായ ശലഭമാണ് കൈയിൽ പെട്രോളുമായി ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്. ജപ്തി നടപടിയുമായി മുന്നോട്ടുപോയാൽ വീടിനുള്ളിൽ തീ കൊളുത്തും എന്നായിരുന്നു ഭീഷണി. തുടർന്ന് ജപ്തിക്കൊരുങ്ങാതെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അറുമുഖം 2014-ലാണ് ശലഭത്തെ വിവാഹം കഴിച്ചത്. പലചരക്ക് സാധനങ്ങളുടെ മൊത്ത കച്ചവടം നടത്തിയിരുന്ന അറുമുഖൻ കച്ചവടം നഷ്ടത്തിലായതോടെ നാടുവിടുകയായിരുന്നു. പിന്നീട് 2018ൽ വീട് ജപ്തി ചെയ്യാൻ എത്തിയപ്പോഴാണ് അറുമുഖൻ 34 ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി യുവതി അറിയുന്നത്.
തിരിച്ചടവ് മുടങ്ങിയതോടെ പല തവണ നോട്ടീസ് അയച്ചു. തുടർന്ന് ശലഭം പലപ്പോഴായി 25 ലക്ഷത്തോളം രൂപ ബാങ്കിൽ തിരിച്ചടച്ചു. എന്നാൽ വീണ്ടും തിരിച്ചടവ് മുടങ്ങിയതോടെ 52 ലക്ഷംരൂപ ഉള്ളതായി ചൂണ്ടിക്കാട്ടി വീടും വസ്തുവും ബാങ്ക് ജപ്തി ചെയ്യാൻ നടപടി തുടങ്ങി.
സംഭവ സമയത്ത് ശലഭവും അമ്മയും ആറു വയസ്സുള്ള പെൺകുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചുവെന്നും കോടതി നടപടികൾ തടസ്സപ്പെടുത്തിയതിന് ശലഭത്തിനെതിരെ കേസെടുത്തയായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.