രമേശ് ചെന്നിത്തല എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളിയെ സന്ദർശിച്ചു; കൂടിക്കാഴ്ച കാർത്തികപ്പള്ളിയിൽ

ആലപ്പുഴ: എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കാർത്തികപ്പള്ളിയിലെ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് അശോക പണിക്കരുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

സൗഹൃദസന്ദർശനത്തിന്റെ ചിത്രങ്ങൾ തുഷാർ വെള്ളാപ്പള്ളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആഭ്യന്തര മന്ത്രിയും കോൺഗ്രസിന്റെ ജനപ്രിയ നേതാവുമായ രമേശ് ചെന്നിത്തലയെ താൻ സ്‌നേഹപൂർവം സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ നേതൃപാടവവും അനുഭവസമ്പത്തും തെളിയിച്ച വ്യക്തിയാണ് ചെന്നിത്തലയെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനമാണെന്നും തുഷാർ കുറിച്ചു. മന്ത്രിക്ക് ആയുരാരോഗ്യസൗഖ്യവും ഔദ്യോഗിക ചുമതലകളിൽ കൂടുതൽ വിജയവും ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായും തുഷാർ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വസതിയിലെത്തിയുള്ള ഈ സന്ദർശനം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും, ഇത് കേവലം ജന്മദിനാശംസകൾ നേരുന്നതിനായുള്ള യാത്ര മാത്രമാണെന്നായിരുന്നു തുഷാറിന്റെ പ്രതികരണം.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടതെന്നും, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദർ​ശിച്ചത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇത് നിലനിൽക്കവേയാണ് ആഭ്യന്തരമന്ത്രിയുടെ പുതിയ സന്ദർശനം. 

Tags:    
News Summary - Home Minister Ramesh Chennithala Meets NDA Convener Thushar Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.