അരി വിലക്കുതിപ്പിന് പിന്നിൽ പൂഴ്ത്തിവെപ്പ്?; രഹസ്യാന്വേഷണവുമായി ഭക്ഷ്യവകുപ്പ്

തൃശൂർ: ഓണക്കാലം അടുത്തിരിക്കെ സംസ്ഥാനത്ത് അരി വില അപ്രതീക്ഷിതമായി ഉയരുന്നതിന് പിന്നിൽ പൂഴ്ത്തിവെപ്പെന്ന് സൂചന. ഇതേക്കുറിച്ച് ഭക്ഷ്യവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി. കേരളം അരിക്ക് ആശ്രയിക്കുന്ന ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിൽ വിലക്കയറ്റത്തിന് കാരണമെന്നാണ് പൊതുവിൽ പറയുന്നതെങ്കിലും അല്ലെന്ന വിലയിരുത്തലിലാണ് ഭക്ഷ്യവകുപ്പ്. ഇതേതുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരമാണ് രഹസ്യാന്വേഷണം.

രണ്ട് മാസത്തിനിടെ അരി വില 10 രൂപ വരെ വ‌ർധിച്ചു. പൊന്നി ഒഴികെയുള്ള എല്ലാ ഇനങ്ങൾക്കും വില കൂടി. ആവശ്യക്കാർ ഏറെയുള്ള ജയ, ജ്യോതി എന്നിവക്ക് 10 രൂപയോളം വർധിച്ചപ്പോൾ ഉണ്ട മട്ടക്ക് ആറ് രൂപക്കടുത്താണ് കൂടിയത്. മട്ട (വടി) അരിയുടെ വില മിക്ക ജില്ലകളിലും 50 രൂപ കടന്നു. ബ്രാൻഡഡ് മട്ട (വടി) അരിയുടെ വില 59 രൂപക്കും മുകളിലായി. മട്ട (ഉണ്ട) അരി വില 46 രൂപയും ബ്രാൻഡഡ് മട്ട (ഉണ്ട) 48 രൂപയും കടന്നു. സുരേഖ, സോൺ മസൂരി, കുറുവ, സുരേഖ അരിയിനങ്ങൾക്കുമെല്ലാം വില കുതിച്ചുകയറി.

അരി വില കൂടിയതോടെ ഉപോൽപന്നങ്ങളായ അവിൽ, പച്ചരി, അരിപ്പൊടി, അരച്ച മാവ് എന്നിവക്കും വില കൂടി. ആന്ധ്ര സർക്കാർ ന്യായവിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് വരവ് കുറയാൻ കാരണമായി പറയുന്നുണ്ട്. മികച്ച വില കിട്ടിയതോടെ മില്ലുകാർ അരി സർക്കാറിന് കൈമാറുകയാണത്രെ. ശ്രീലങ്കയിലേക്ക് അരി കൊടുത്തുതുടങ്ങിയത് തമിഴ്നാട്ടിൽനിന്നുള്ള വരവ് കുറയാൻ ഇടയാക്കി. ഈ സാഹചര്യങ്ങൾ ഉണ്ടെങ്കിലും വിലക്കുതിപ്പിന് കാരണമാവുന്ന വിധത്തിൽ അരി വരവിൽ കുറവില്ലെന്നാണ് വിലയിരുത്തൽ. അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നിൽക്കണ്ട് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ചുവെച്ചതാവാം വിലക്കയറ്റത്തിന് കാരണമെന്നാണ് ഭക്ഷ്യവകുപ്പ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് വിപണിയിലെ അന്വേഷണം.

സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിൽക്കാൻ വേണ്ടത്ര അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ആന്ധ്രയിൽനിന്ന് എത്തിക്കാൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറയുന്നു.

Tags:    
News Summary - Hoarding behind rice price hike?; Food Department with intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.