സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം സംഘടിപ്പിച്ച വേദിയിൽ അത് പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോര -കെ.പി.എ. മജീദ്

മലപ്പുറം: സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോരെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സി.പി.എമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനിൽ കുമാറിന്റെ പ്രസംഗം. സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോര. സ്വതന്ത്ര ചിന്ത എന്നാൽ തട്ടം ഉപേക്ഷിക്കലാണെന്ന കണ്ടുപിടുത്തവും അനിൽ കുമാർ നടത്തുന്നുണ്ട്.

മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറഞ്ഞ അതേ സി.പി.എമ്മാണ് ഇപ്പോൾ കുട്ടികളൊക്കെ തട്ടം ഉപേക്ഷിക്കുകയാണെന്ന വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. നാസ്തികരും സംഘികളും സി.പി.എമ്മുമൊക്കെ ഒന്നായ സ്ഥിതിക്ക് ഇനിയൊരു ഗ്രൂപ്പ് ഫോട്ടോയുടെ കുറവ് കൂടിയുണ്ട്. വനിതാ മതില് കെട്ടുമ്പോഴും പ്രകടനത്തിന്റെ മുന്നിലെ കെട്ടുകാഴ്ചക്കും നിങ്ങൾക്ക് ശിരോവസ്ത്രമിട്ട പെൺകുട്ടികളെ വേണം.

എന്നാലോ, അതിനോടുള്ള പുച്ഛത്തിന് മാത്രം യാതൊരു മാറ്റവുമില്ല.

സോവിയറ്റ് റഷ്യയിലെ മുസ്‌ലിംകളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടും. തട്ടമിട്ട മലപ്പുറത്തെ കുട്ടികളുടെ രാഷ്ട്രീയ ബോധം പോലും ഈ കപടന്മാർക്ക് ഇല്ലാതെ പോയല്ലോ എന്നതിലാണ് അത്ഭുതം! നിങ്ങളുടെ ഹിപ്പോക്രസിയെ തുറന്ന് കാട്ടാൻ ഞങ്ങളുടെ തട്ടമിട്ട കുട്ടികൾ തന്നെ ധാരാളമാണ്’ -മജീദ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Hijab Row: KPA majeed against Adv K anilkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.