മദ്യശാല പൂട്ടല്‍; സര്‍ക്കാര്‍ അപ്പീലിന് പോയേക്കും

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയേക്കും. വിധി നടപ്പായാല്‍ ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വിപണനശാലകളില്‍ പകുതിയും പൂട്ടേണ്ടിവരും. വിഷയത്തില്‍ സുപ്രീംകോടതിവിധിയുടെ പകര്‍പ്പ് ലഭ്യമായ ശേഷം നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാകും അന്തിമ തീരുമാനമെടുക്കുക.

നിലവിലെ വിപണനശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള അവസരം കോര്‍പറേഷനുണ്ട്. ഇതിന് അബ്കാരി ചട്ടത്തിലെ ‘എലുഗ’ മാനദണ്ഡം ഭേദഗതി ചെയ്യേണ്ടിവരും. വിപണനശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ദൂരപരിധി നിഷ്കര്‍ഷിക്കുന്നത് ‘എലുഗ’യിലാണ്. അതേസമയം, ചട്ടഭേദഗതി ചെയ്ത് പുതിയ കേന്ദ്രങ്ങളില്‍ വിപണനശാലകള്‍ തുറക്കുന്നത് സര്‍ക്കാറിന് എളുപ്പമാകില്ല. പ്രാദേശിക തലത്തിലെ എതിര്‍പ്പുകള്‍ മറികടന്നുമാത്രമേ ഇതിനാകൂ. ഈ സാഹചര്യത്തില്‍ കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്നതാകും എളുപ്പവഴിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ പോയാല്‍ എത്രത്തോളം ഫലം കാണുമെന്ന ആശങ്കയും ശക്തമാണ്.

കോടതിവിധി ആശങ്കയോടെയാണ് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ വീക്ഷിക്കുന്നത്.  അതേസമയം, മദ്യവില്‍പന കൊഴുപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാറിനെങ്കില്‍ ശക്തിയുക്തം എതിര്‍ക്കുമെന്ന് മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

 

 

 

Tags:    
News Summary - highway beverage outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.