722 ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ തസ്തിക നിര്‍ണയത്തിന് ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുവര്‍ഷം മുമ്പ് അനുവദിച്ച പുതിയ ഹയര്‍ സെക്കന്‍ഡറികളിലേക്കും അധികബാച്ചുകളിലേക്കും തസ്തിക സൃഷ്ടിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. 3500ഓളം തസ്തികകള്‍ സൃഷ്ടിക്കാനാണ് ശിപാര്‍ശ. കഴിഞ്ഞ സര്‍ക്കാരിന്‍െറ കാലത്ത് അനുവദിച്ച 722 പുതിയ ബാച്ചുകളിലേക്കാണ് തസ്തിക സൃഷ്ടിക്കുന്നത്.  സാമ്പത്തിക ബാധ്യത പറഞ്ഞ് പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് എതിരുനിന്ന ധനവകുപ്പിന്‍െറ നിലപാട് മറികടന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ നീക്കം. അധിക തസ്തിക സൃഷ്ടിക്കാതെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലി ഭാരം പുന$ക്രമീകരിക്കാനുളള ധനവകുപ്പിന്‍െറ നിര്‍ദേശം ലഭിച്ചിട്ടില്ളെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പറയുന്നത്. 

നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജോലിഭാരം നിര്‍ണയിക്കുന്ന മാനദണ്ഡത്തില്‍ തന്നെയാണ് പുതിയ ശിപാര്‍ശ സമര്‍പ്പിച്ചത്. ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്കൂള്‍തലത്തില്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതിന് ക്രോഡീകരിച്ചു. 
അധ്യാപകരുടെ ജോലി ഭാരം പുന$ക്രമീകരിക്കാന്‍ നിര്‍ദേശിച്ചതുവഴി ജോലിഭാരം വര്‍ധിപ്പിച്ച് തസ്തികകളുടെ എണ്ണം ഗണ്യമായി കുറക്കാനാണ് ധനവകുപ്പ് ലക്ഷ്യമിട്ടത്. ആഴ്ചയില്‍ ഏഴ് പീരിയഡ് മാത്രമുള്ള ഇടങ്ങളില്‍ ഗെസ്റ്റ് അധ്യാപകനെ മാത്രമേ അനുവദിക്കാവൂ. എട്ട് മുതല്‍ 14 വരെ പീരിയഡിന് ഒരു ജൂനിയര്‍ അധ്യാപക തസ്തികയും 15 മുതല്‍ 31 വരെ പീരിയഡിന് ഒരു സീനിയര്‍ തസ്തികയും അനുവദിക്കാനുമായിരുന്നു നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശം പരിഗണിക്കാതെയാണ് വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ശിപാര്‍ശ സമര്‍പ്പിച്ചത്. നിലവില്‍ 15 മുതല്‍ 24 വരെ പീരിയഡിന് ഒരു സീനിയര്‍ അധ്യാപകനെ നിയമിക്കാം. അടുത്ത മൂന്ന് പീരിയഡിന് ഒരു ജൂനിയര്‍ തസ്തികയും അനുവദിക്കാം. 

2002ലെ സര്‍ക്കാര്‍ ഉത്തരവിന് ധനവകുപ്പിന്‍െറയോ മന്ത്രിസഭയുടെയോ അക്കൗണ്ടന്‍റ് ജനറലിന്‍െറയോ അംഗീകാരമില്ളെന്ന വാദവും ധനവകുപ്പിനുണ്ട്. രണ്ടുവര്‍ഷമായിട്ടും അധ്യാപക തസ്തിക സൃഷ്ടിക്കല്‍ നടപടിയില്ലാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ധനവകുപ്പ് നടപടിക്കെതിരെ അധ്യാപക സംഘടനകളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതേസമയം, ഈ ബാച്ചുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കുന്നതുവരെ ഗെസ്റ്റ് അധ്യാപകരായി പരിഗണിച്ച് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ജൂനിയര്‍ അധ്യാപകര്‍ക്ക് 1075 രൂപയും സീനിയര്‍ അധ്യാപകര്‍ക്ക് 1300 രൂപയുമാണ് പ്രതിദിനം വേതനം ലഭിക്കുക. 
 

Tags:    
News Summary - higher secondary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.