തിരുവനന്തപുരം: അധ്യാപക സംഘടനകൾ സമരം പ്രഖ്യാപിച്ചതോടെ പ്രതിദിനം മൂല്യനിർണയം നടത്തേണ്ട ഹയർ സെക്കൻഡറി പരീക്ഷ ഉത്തരപേപ്പറുകളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് കുറച്ചു. ബോട്ടണി, സുവോളജി, മ്യൂസിക് വിഷയങ്ങൾക്ക് രണ്ട് സെഷനുകളിലായി 25 വീതം മൊത്തം 50 പേപ്പറുകൾ പ്രതിദിനം മൂല്യനിർണയം നടത്തണമെന്ന നിർദേശം 22 വീതം മൊത്തം 44 പേപ്പറുകൾ എന്ന രീതിയിലാണ് കുറച്ചത്.
മറ്റ് വിഷയങ്ങളുടേത് 17 വീതം മൊത്തം 34 എണ്ണം മൂല്യനിർണയം നടത്തണമെന്നത് 15 വീതം ആകെ 30 പേപ്പറുകൾ എന്ന രീതിയിലുമാണ് ചുരുക്കിയത്. നേരത്തെ ഇത് യഥാക്രമം 40ഉം 26ഉം ആയിരുന്നു. പരീക്ഷ മാന്വൽ പരിഷ്കാരത്തിെൻറ ഭാഗമായി ഇതിൽ വർധന വരുത്തിയതോടെയാണ് ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ ഒന്നടങ്കം സമരം പ്രഖ്യാപിച്ചത്. രണ്ട് കെട്ട് പേപ്പറുകൾ മൂല്യനിർണയം നടത്തുന്നതിന് പകരം ഒരുകെട്ട് മാത്രം മൂല്യനിർണയം നടത്തുന്ന 'ഒറ്റക്കെട്ട്' സമരമായിരുന്നു സംഘടനകൾ പ്രഖ്യാപിച്ചത്. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് എണ്ണത്തിൽ കുറവ് വരുത്തിയത്.
ഇൗ മാസം 28നാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുന്നത്. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നതിനുള്ള പ്രതിഫലം ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ സർക്കാറിെൻറ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഹയര്‍ സെക്കൻഡറി മാതൃകയില്‍ വരുംവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ മാന്വല്‍ പ്രസിദ്ധീകരിക്കും. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക രേഖയായി സ്കൂൾ മാന്വൽ തയാറാക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.