ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: കേ​​ന്ദ്രം ​നീക്കിയ ഭാ​ഗ​ങ്ങ​ൾ കേ​ര​ളം പ​ഠി​പ്പി​ക്കും

തിരുവനന്തപുരം: മുഗൾ സാമ്രാജ്യവും ജനകീയ സമരങ്ങളുമടക്കം 12ാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് കേന്ദ്രസർക്കാർ വെട്ടിമാറ്റിയ പാഠഭാഗങ്ങൾ സംസ്ഥാനത്ത് പഠിപ്പിക്കുന്നതിന് സപ്ലിമെന്‍ററി പാഠപുസ്തകമിറക്കുന്നതിനുള്ള സാധ്യത ആരായുന്നു.

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ സംസ്ഥാന സിലബസിലും നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷംതന്നെ പാഠഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും അച്ചടിക്കാനുള്ള പാഠപുസ്തക ഉള്ളടക്കത്തിൽ അതു നീക്കിയിരുന്നില്ല. എന്നാൽ, ഇക്കുറി പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പുസ്തകങ്ങളാണ് എൻ.സി.ഇ.ആർ.ടി തയാറാക്കി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുൻവർഷങ്ങളിലെ ധാരണപ്രകാരമുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ഇവിടെ അച്ചടിക്കാൻ അനുവദിക്കുമോ എന്ന് എൻ.സി.ഇ.ആർ.ടിയോട് ചോദിക്കും. അത് അനുവദിച്ചില്ലെങ്കിൽ പ്രത്യേക പാഠപുസ്തകത്തിന്‍റെ സാധ്യതകളിലേക്ക് കടക്കുമെന്നാണ് സർക്കാർ തീരുമാനം. എൻ.സി.ഇ.ആർ.ടി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ചരിത്രത്തെ മാറ്റിയെഴുതുകയാണെന്നും വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ തവണ സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഒഴിവാക്കിയ ഭാഗങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച്, അവ പഠിപ്പിക്കേണ്ടെന്ന നിർദേശം നൽകുകയാണ്എൻ.സി.ഇ.ആർ.ടി ചെയ്തത് . ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദ്യാർഥികൾ ഉള്ളടക്കഭാരം നേരിടുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. എന്നാൽ, അന്ന് കരിക്കുലം കമ്മിറ്റിയോഗം ചേരുകയും സയൻസ് വിഷയങ്ങളിലെ മാറ്റം അതേപടി സ്വീകരിക്കാനും ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഒഴിവാക്കിയ ഭാഗങ്ങൾ നിലനിർത്തി സംസ്ഥാനത്ത് പഠിപ്പിക്കാനും തീരുമാനിച്ചു. എൻ.സി.ഇ.ആർ.ടിയും സംസ്ഥാന കൗൺസിലായ എസ്.സി.ഇ.ആർ.ടിയും കരാറിലേർപ്പെട്ടാണ് ഒരോ വർഷവും അവരുടെ പുസ്തകം ഇവിടെ റീപ്രിന്‍റ് ചെയ്യുന്നത്. ഈ വർഷം കരാറിലെത്തുമ്പോൾ കേരളത്തിൽ പഠിപ്പിക്കുന്ന ഭാഗങ്ങൾ ഇല്ലാത്ത പുസ്തകമാണ് കിട്ടിയത്. ഈ സാഹചര്യത്തിലാണ് ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ച പാഠഭാഗങ്ങൾ നിലനിർത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം. എൻ.സി.ഇ.ആർ.ടിക്കു റോയൽറ്റി നൽകി എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ വാങ്ങുകയാണ് വർഷങ്ങളായുള്ള രീതി.

Tags:    
News Summary - Higher Secondary: Sections removed by the Center will be taught in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.