കൊച്ചി: ആനയെഴുന്നള്ളിപ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഏകീകൃത മാനദണ്ഡം പരിഗണിക്കണമെന്ന് ഹൈകോടതി. 2012ലെ നാട്ടാന പരിപാലന ചട്ടമനുസരിച്ച് എല്ലാ ജില്ലക്കും ഒരുപോലെ ബാധകമായ മാനദണ്ഡങ്ങൾ സർക്കാർ പരിഗണിക്കണമെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
ആനയെഴുന്നള്ളിപ്പ് അനുമതിക്കായി നിലവിൽ ഉത്സവക്കമ്മിറ്റികൾ ജില്ലതല സമിതികൾക്ക് അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ, അനുമതി നൽകിയുള്ള ഉത്തരവിൽ ഏറെ പഴുതുകളുണ്ടാകുന്നുണ്ട്. കലക്ടർമാർ മാറുന്നതനുസരിച്ച് മാർഗനിർദേശങ്ങളിൽ മാറ്റങ്ങളുണ്ടാകുന്ന അവസ്ഥയുമുണ്ട്. ആന പരിപാലന ചട്ടങ്ങളിൽ എഴുന്നള്ളിപ്പ് സമയം, ആനകൾക്ക് നൽകേണ്ട സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് സമഗ്ര നിർദേശങ്ങളുണ്ട്.
അതനുസരിച്ചുള്ള പ്രോട്ടോകോൾ ഉണ്ടെങ്കിൽ ജില്ലതല സമിതികൾക്ക് സുഗമമായി തീരുമാനമെടുക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി, ഹൈ കോടതി ഉത്തരവുകൾ ഉത്സവക്കമ്മിറ്റികൾക്ക് അയച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജികൾ വീണ്ടും അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.