കൊച്ചി: മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈകോടതി വെള്ളിയാഴ്ച വിധി പറയും. അടിപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും അപകട സാധ്യത നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ.വി. മേനോൻ എന്നിവർ ഹരജി വീണ്ടും വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതുവരെ നിലവിലെ ടോൾ വിലക്ക് തുടരും.
കോടതി നിർദേശ പ്രകാരം ഗതാഗതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും ടോൾ പിരിക്കാൻ അനുവദിക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. 65 കിലോമീറ്റർ പാതയിൽ അഞ്ച് കിലോമീറ്റർ മാത്രമാണ് പ്രശ്നങ്ങളുണ്ടായിരുന്നത്. ഇതിന്റെ പേരിൽ ടോൾ വിലക്കിയത് മറ്റ് ദേശീയപാതകളുടെ കാര്യത്തിലും ബാധകമാവുകയാണെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു.
ആമ്പല്ലൂർ, മുരിങ്ങൂർ മേഖലയിൽ മാത്രമാണ് നിലവിൽ പ്രശ്നമുള്ളതെന്നായിരുന്നു തൃശൂർ ജില്ല കലക്ടറുടെ വിശദീകരണം. തുടർന്നാണ് ഇക്കാര്യത്തിൽ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് അടിയന്തരമായി നിർദേശം നൽകാൻ ജില്ല കലക്ടറോട് കോടതി നിർദേശിച്ചു. തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, നിയുക്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.