കൊച്ചി: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുക വെട്ടിക്കുറച്ചതിൽ ഹൈകോടതി വിശദീകരണം തേടി. പ്രഫ. ജോസഫ് മുണ്ടശ്ശേരി, എ.പി.ജെ. അബ്ദുൽകലാം, മദർ തെരേസ എന്നിവരുടെ പേരിലടക്കമുള്ള ഒമ്പത് സ്കോളർഷിപ്പുകളുടെ തുക 50 ശതമാനത്തോളം കുറക്കാനുള്ള ജനുവരി 15ലെ തീരുമാനത്തിനെതിരെ വിദ്യാഭ്യാസ പ്രവർത്തകനായ വെങ്ങോല സ്വദേശി മുഹ്റജ് നൽകിയ പൊതുതാൽപര്യ ഹരജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗക്കാരും മുന്നാക്കക്കാരിലെ പിന്നാക്കക്കാരുമടക്കം അർഹരായ പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. 2024-25 കേരള ബജറ്റിൽ 87.63 കോടി രൂപ സ്കോളർഷിപ്പിനത്തിൽ വകയിരുത്തിയതിൽ 2.69 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഫണ്ട് വിനിയോഗിക്കാതിരുന്നതും വകമാറ്റി ചെലവഴിച്ചതും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിനോ സ്വതന്ത്ര ഓഡിറ്റിങ്ങിനോ ഉത്തരവിടണം. സ്കോളർഷിപ് വെട്ടിക്കുറക്കുമ്പോൾ ബാക്കി തുക എന്തുചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. വിഷയം നിയമസഭയിൽ ഉന്നയിച്ചിട്ടും മറുപടി കിട്ടിയിട്ടില്ല.
മുഴുവൻ സ്കോളർഷിപ്പും പുനഃസ്ഥാപിക്കുകയും സുതാര്യമായി വിതരണം ഉറപ്പുവരുത്തുകയും വേണമെന്നാണ് അഡ്വ. ആദിൽ ഹുസൈൻ മുഖേന നൽകിയ ഹരജിയിലെ ആവശ്യം. ഹരജി വീണ്ടും മാർച്ച് ആറിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.