കൊച്ചി: നെല്ല് സംഭരണത്തിന് നൽകിയ രസീതിന്റെ (പാഡി രസീത് സ്ലിപ് -പി.ആർ.എസ്) അടിസ്ഥാനത്തിലുള്ള വായ്പ വിവരം സിബിലിന് അയക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച സർക്കുലറോ ഉത്തരവോ സർക്കാർ പുറപ്പെടുവിക്കണം.
സിബിൽ സ്കോർ നിർണയം തികച്ചും സാങ്കേതികമായ കാര്യമായതിനാൽ ഇത്തരമൊരു ഉത്തരവ് അനിവാര്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. വായ്പ നൽകുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നില്ലെന്ന് സപ്ലൈകോ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. ഇത്തരമൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും എട്ടു മാസത്തിനുള്ളിൽ വായ്പ തീരുമെന്നുമായിരുന്നു സപ്ലൈകോയുടെ നിലപാട്.
സംഭരിച്ച നെല്ലിന്റെ വില പൂർണമായും ലഭിച്ചില്ലെന്ന് കാട്ടി കർഷകർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വായ്പ തിരിച്ചടവ് ഒരു തവണ മുടങ്ങിയാൽ സിബിൽ സ്കോറിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പിന്നീട് തുക ഒന്നിച്ചടച്ചാലും റേറ്റിങ് താഴും. വായ്പ എങ്ങനെ അടച്ചുവെന്നതാണ് കണക്കിലെടുക്കുന്നത്. ഇതിന്റെ പേരിൽ കർഷകരെ ഭയപ്പാടിൽ നിർത്തേണ്ട കാര്യമില്ല. സിബിൽ സ്കോർ തങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് തിരിച്ചറിയാത്തവരാണവരെന്നും കോടതി ചൂണ്ടിക്കാട്ടി. എസ്.ബി.ഐ, കനറ, ഫെഡറൽ ബാങ്കുകൾ വഴിയാണ് പി.ആർ.എസ് വായ്പ അനുവദിക്കുന്നതെന്ന് സപ്ലൈകോ കോടതിയെ അറയിച്ചു. വർഷങ്ങളായി ഈ രീതിയാണ് തുടരുന്നത്.
പി.ആർ.എസ് വായ്പയിൽ കർഷകരാണ് വായ്പക്കാരെങ്കിലും സപ്ലൈകോയാണ് ഗാരന്റി നൽകുന്നതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.