ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി: റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: ഹൈകോടതി ജഡ്ജിമാർക്കെന്ന പേരിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

സത്യസന്ധമായ അന്വേഷണ റിപ്പോർട്ടാണ് ഡി.ജി.പിക്ക് കൈമാറുന്നതെന്ന് റിപ്പോർട്ട് നൽകും മുമ്പ് കമീഷണർ കെ. സേതുരാമൻ മാധ്യമങ്ങളോട് പറഞ്ഞു.

പീഡനക്കേസിന്‍റെ ജാമ്യാപേക്ഷയിൽ അനുകൂലവിധി സമ്പാദിക്കാൻ ഹൈകോടതി ജഡ്ജിക്കു കൈക്കൂലി നൽകണമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് സ്വന്തം കക്ഷിയായ സിനിമ നിർമാതാവിൽനിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.

ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റാണ് സംശയനിഴലിലുള്ള സൈബി ജോസ് കിടങ്ങൂർ. സൈബി ജോസ്, പണം നൽകിയ സിനിമ നിർമാതാവ്, സൈബിയുടെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകർ, മറ്റ് ചില സാക്ഷികൾ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് കമീഷണർ റിപ്പോർട്ട് തയാറാക്കിയത്. നേരിട്ട് വിളിച്ചുവരുത്തി നാല് മണിക്കൂറോളം സമയമെടുത്ത് സൈബിയുടെ മൊഴിയെടുത്തിരുന്നു.

അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന വിജിലൻസ് രജിസ്ട്രാർ മുമ്പാകെ നൽകിയ മൊഴി സൈബി പൊലീസിന് മുന്നിലും ആവർത്തിച്ചു.

ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന് നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാൻ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നൽകാനെന്ന് പറഞ്ഞ് 50 ലക്ഷവും രൂപ വീതം വാങ്ങിയതായി അറിയാമെന്ന് ഹൈകോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയതായി ഹൈകോടതി വിജിലൻസ് രജിസ്ട്രാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കക്ഷികളിൽനിന്ന് പണം വാങ്ങിയ നടപടി ജുഡീഷ്യൽ നടപടികളിലുള്ള ഇടപെടലും നീതി നിർവഹണത്തെ തടസ്സപ്പെടുത്തുന്നതുമാണെന്ന് ഹൈകോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജഡ്‌ജിമാരെ വിരട്ടി കേസ് അനുകൂലമാക്കാമെന്ന് കരുതരുത് -ഹൈകോടതി

കൊച്ചി: ജഡ്‌ജിമാരെ വിരട്ടിയും സമ്മർദം ചെലുത്തിയും കേസ് അനുകൂലമാക്കാമെന്ന് കരുതരുതെന്ന് ഹൈകോടതിയുടെ താക്കീത്. കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് വിവാഹ മോചന ഹരജി മറ്റൊരു കോടതിയിലേക്ക് മാറ്റാനാവശ്യപ്പെട്ട് യുവതി നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്. ഹരജിക്കാരിയുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.

ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ തനിക്കെതിരെ ഭർത്താവ് നൽകിയ വിവാഹ മോചന ഹരജി എറണാകുളം കുടുംബ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. കുടുംബ കോടതി ജഡ്‌ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്കെതിരെ തുടർച്ചയായി ഉത്തരവിടുകയാണെന്നും അഭിഭാഷകയായ അവർ ഹരജിയിൽ ചൂണ്ടിക്കാട്ടി. വസ്തുതകൾ പരിശോധിച്ച ജസ്റ്റിസ് സി.എസ്. ഡയസ് വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി. ജഡ്‌ജിമാർക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അന്തസ്സ് തകർക്കുന്ന ആരോപണങ്ങൾ പാടില്ലെന്നും കോടതി താക്കീത് നൽകി. തെറ്റായ ഉപദേശം ലഭിച്ചതിനാലാണ് ഹരജിക്കാരിയിൽനിന്ന് ഈ നടപടിയുണ്ടായതെന്ന് കരുതുന്നതിനാൽ പിഴ ചുമത്തുന്നില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്.

Tags:    
News Summary - High court scam issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.