സി.പി.എമ്മിന്റെ പാൻ നമ്പർ ബാങ്ക് തെറ്റായി രേഖപ്പെടുത്തിയെന്ന് തൃശൂർ ജില്ലാസെക്രട്ടറി

ത‍ൃശൂർ: പാൻ കാർഡിലെ നമ്പർ ബാങ്ക് ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയെന്ന് സി.പി.എം തൃശൂർ ജില്ലാസെക്രട്ടറി എം.എം വർഗീസ്. AAATC0400A എന്നതാണ് ശരിയായ പാൻ നമ്പർ. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി നൽകിയത്. എന്നാൽ ഇതിൽ ടി എന്നതിന് പകരം ബാങ്ക് ഉദ്യോഗസ്ഥർ ജെ എന്നാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ വീഴ്ച കൊണ്ട് പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തി. ബാങ്കിന് പറ്റിയ ഒരു പിഴവാണത്. പാൻ നമ്പർ തെറ്റാണെന്ന് അറിയില്ലായിരുന്നു. ഇതാണ് പ്രശ്നമായിരിക്കുന്നത്. സി.പി.എമ്മിന്റെ ഭാഗത്ത് ഒരു പിഴവും ഇല്ലെതെന്നും എം.എം വർഗീസ് ചൂണ്ടികാട്ടി.

സി.പി.എമ്മിന്‍റെ പാൻ നമ്പർ കേന്ദ്ര കമ്മിറ്റിയുടേതാണ്. എല്ലാ അക്കൗണ്ടുകളിലും ഈ പാൻ നമ്പർ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. തൃശൂരിലും അങ്ങനെ തന്നെയാണ്. 30 വർഷമായുള്ള അക്കൗണ്ടാണിതെന്നും സി.പി എമ്മിന് മറച്ചുവക്കാൻ ഒന്നുമില്ലെന്നും എം.എം വർഗീസ് പറഞ്ഞു.

ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച ഒരു കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയത്. ആദായ നികുതി വകുപ്പ് നടപടി കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിന്‍റെ ഭാഗമാണെന്നും ഈ നടപടി നിയമപരമായി നേരിടുമെന്നും അദ്ദഹം വ്യക്തമാക്കി.

പാർട്ടിയുടെ നിയമവിധേയ ചിലവുകൾക്ക് ഏപ്രിൽ രണ്ടിന് ബാങ്കിൽ നിന്ന് ഒരു കോടി പിൻവലിച്ചിരുന്നു. ഏപ്രിൽ അഞ്ചിന് ബാങ്കിൽ പരിശോധനക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥർ ഒരു കോടി രൂപ പിൻവലിച്ചത് തെറ്റായ നടപടിയാണെന്നു പറഞ്ഞു. അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ആദായനികുതി വകുപ്പിന്റെ അനുമതിയില്ലാതെ തുടർ ഇടപാട് നടത്താൻ പാടില്ലെന്നു നിർദേശിക്കുകയും ചെയ്തു. പിൻവലിച്ച ഒരു കോടി രൂപ ചെലവ് ചെയ്യാനും പാടില്ലെന്നും നിർദേശിച്ചു.

നിയമാനുസൃതം നടത്തിയ ബാങ്ക് ഇടപാടിലെ പണം ചെലവാക്കുന്നത് തടയുന്നതിന് ഇൻകം ടാക്സിന് അധികാരമില്ല. അനധികൃത ഉത്തരവ് പാലിക്കേണ്ടതില്ല എന്ന് ബോധ്യമുണ്ടായിട്ടും പണം ചെലവഴിക്കാതെ ഓഫീസിൽ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് വേളയിൽ അനാവശ്യ കോലാഹലം ഉണ്ടാകരുത് എന്ന് കരുതിയാണ്. ബാങ്കിന് പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടി ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാന് പരാതി നൽകി. അതുസംബന്ധച്ച് അവർ മറുപടി നൽകി. പാൻ നമ്പർ ബന്ധിപ്പിച്ചതിൽ തെറ്റുപറ്റിയതായി തുറന്നു സമ്മതിക്കുന്ന കത്ത് ജില്ലാ കമ്മിറ്റിക്ക് നൽകിയിരുന്നു.

പാർട്ടിയുടെ അക്കൗണ്ട് സുതാര്യമാണ്. മറക്കാനൊന്നുമില്ല. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് മുകളിൽ നിന്നുള്ള ഇടപെടൽ കൊണ്ടാണെന്നും പിടിച്ചെടുത്തതുക തിരിച്ചു കിട്ടാൻ നിയമപരമായ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPM Thrissur District Secretary that the PAN number was wrongly recorded by the bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.