കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റം ഡി.ജി.പി ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. ഏതെങ്കിലും ഒരാൾ മോശമായി പെരുമാറിയാൽപോലും പൊതുജനങ്ങൾ വിശ്വാസമർപ്പിക്കുന്ന രാജ്യത്തെ പൊലീസ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കും.
അതിനാൽ, അടിമുതൽ മുടിവരെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്ന അവസ്ഥയുണ്ടാകണം. തൃപ്പൂണിത്തുറ ഹിൽപാലസ് സി.ഐ പി.എസ്. ഷിജു മോശമായി പെരുമാറിയെന്നും പൊലീസ് ഉപദ്രവം തടയണമെന്നും കാണിച്ച് എറണാകുളം സ്വദേശികളായ സിദ്ദിഖ് ബാബു, ഷെമീമ സിദ്ദിഖ് ബാബു എന്നിവർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷണം.
പരാതിക്കാരിയുടെ സ്വാധീനത്തിനുവഴങ്ങി പൊലീസ് വധഭീഷണി മുഴക്കിയെന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് ഹരജിക്കാരുടെ ആക്ഷേപം. ജനങ്ങളോട് പൊലീസ് എങ്ങനെ പെരുമാറരുതെന്നതിെൻറ ഉത്തമ ഉദാഹരണമാണ് ഇൗ കേസെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. പൊലീസ് അധികാരം വിനിയോഗിക്കുമ്പോൾ പൊതുജനങ്ങളോട് സഹിഷ്ണുതയും മാന്യതയും ആത്മനിയന്ത്രണവും പാലിക്കണം.
പൊലീസ് പ്രഫഷനൽ സേനയാണ്. എത്ര പ്രകോപനമുണ്ടായാലും മാന്യത കൈവിടാതെ, പക്ഷപാതമില്ലാതെ പെരുമാറണം. സംഭവവുമായി ബന്ധപ്പെട്ട് ഹിൽപാലസ് സി.ഐയെ മേലുദ്യോഗസ്ഥർ ശാസിച്ചിട്ടുണ്ട്. അതിനാൽ, ഇക്കാര്യത്തിൽ കൂടുതൽ പറയുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടിയുണ്ടാവും. ഹരജിക്കാർക്കെതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
പൊലീസുകാർ മാന്യമായി പെരുമാറണമെന്ന് ഡി.ജി.പി സർക്കുലറുകൾ ഇറക്കിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ, ഈ സർക്കുലറുകൾക്ക് ഒരുവിലയും നൽകാത്ത പെരുമാറ്റമാണ് ചില ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യം ഡി.ജി.പി കർശനമായി പരിശോധിക്കണം. ബ്രിട്ടീഷ്വാഴ്ച നിലനിന്ന കാലത്തേതുപോലെ പൊലീസുകാർ വേട്ടക്കാരും ഉപദ്രവകാരികളുമാണെന്ന ധാരണ ഇല്ലാതാക്കി പൊലീസിനെ സുഹൃത്തെന്ന നിലയിൽ സമീപിക്കാവുന്ന അവസ്ഥയുണ്ടാവണം. പൊലീസ് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കിയാലേ സഹായത്തിനും മറ്റും പൊതുജനങ്ങൾ ഭീതിയില്ലാതെ പൊലീസിനെ സമീപിക്കുകയുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.