വർഗീയ പരാമർശം: ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്, വിവാദ വിഡിയോ ഒഴിവാക്കി

തൃശൂർ: വർഗീയ പരാമർശം നടത്തിയ ഗുരുവായൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ കേസ്. ഗുരുവായൂർ ടെമ്പിൾ പൊലീസാണ് കേസെടുത്തത്.

വിവാദ പരാമർശത്തിന്റെ പേരിൽ ലഭിച്ച പരാതിയെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ ജില്ല കലക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഗുരുവായൂരപ്പനില്‍ വിശ്വസിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ ഭക്തര്‍ തയാറാകണമെന്നാണ് എന്‍.ഡി.എ ആവശ്യപ്പെടുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വന്ന് ഈ ബിംബത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയാന്‍ ഗുരുവായൂരിലെ എം.എല്‍.എയെ താന്‍ വെല്ലുവിളിക്കുകയാണ്.

48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എം.എല്‍.എയെ നിയമസഭയിലേക്ക് അയച്ചിട്ടില്ല.

ഗുരുവായൂരില്‍ പ്രചാരണത്തിനെത്തിയ ശേഷം ക്ഷേത്രദര്‍ശനം നടത്തി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന പെരുമാറ്റച്ചട്ടത്തിലെ കർശന നിർദേശം ഗോപാലകൃഷ്ണൻ ലംഘിച്ചതായി അധികൃതർ കണ്ടെത്തി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന ചട്ടവും പങ്കുവെച്ച വീഡിയോയിലൂടെ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.

ജില്ല കലക്ടറുടെ ഉത്തരവിനെത്തുടർന്ന് വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തു. കൊടുങ്ങല്ലൂരമ്മയുടെ നടയില്‍നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാന്‍ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടിയോടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന്‍ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

Tags:    
News Summary - Communal remarks: Case filed against BJP candidate B. Gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.