കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര സർവിസ് വിലക്കാനാവില്ലെന്ന് ഹൈകോടതി. നിയമപരമായ അവകാശത്തോടെയാണ് കെ.എസ്.ആർ.ടി.സിയുടെ പാക്കേജെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്‍റെ ഉത്തരവ്. വാഹന നിയമപ്രകാരം പ്രത്യേക മേഖലയിൽ സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് അനുമതിയുണ്ട്.
ഈ നിയമത്തിന് വിധേയമായി വിനോദയാത്ര സർവിസ് നടത്തുന്നതിൽ അപാകതയില്ല. കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജ് സർവിസ് ചോദ്യംചെയ്ത് ടൂറിസ്റ്റ് ബസ് സർവിസ് നടത്തിപ്പുകാരനായ എറണാകുളം സ്വദേശി ഒ.എസ്. ജസ്റ്റിൻ നൽകിയ ഹരജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ബസ് സർവിസിന് മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് പെർമിറ്റുള്ളതെന്നും ഇതിന്‍റെ മറവിൽ വിനോദയാത്ര പാക്കേജ് അനുവദിക്കാനാകില്ലെന്നുമായിരുന്നു ഹരജിയിലെ വാദം. എന്നാൽ, നിയമപരമായി ഇത് സാധ്യമാണെന്ന് കോടതി പറഞ്ഞു. മാത്രമല്ല, ടൂർ സർവിസിന് കെ.എസ്.ആർ.ടി.സിക്ക് പെർമിറ്റ് നൽകിയ പ്രത്യേക സ്ഥലങ്ങളിലേക്ക് സ്വകാര്യ ഓപറേറ്റർമാർക്ക് അനുമതി ലഭിക്കില്ല.
അതിനാൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച പെർമിറ്റിന്‍റെ പേരിൽ ഹരജിക്കാരന്‍റെ നിയമപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ല. സർക്കാറിന്‍റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിതെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.