മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ഊർജിത നീക്കവുമായി ഹൈക്കമാന്‍റ്; പ്രത്യേക നിരീക്ഷകരെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മിന്നുംവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ് ഹൈക്കമാന്‍റ്. ഇതിനായി പ്രത്യേക നിരീക്ഷകരെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അടക്കമുള്ള പ്രമുഖരുടെ പേരുകളാണ് നിരീക്ഷക പട്ടികയിൽ സജീവമായുള്ളത്. നിയുക്ത എം.എൽ.എമാരുടെ അഭ്രിപായം അറിയുന്നതിനും സമവായ ചർച്ചകൾക്കുമായാണ് ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുക.

കേരളത്തിലെത്തുന്ന നിരീക്ഷകർ എം.പിമാർ, മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ, മുൻ കെ.പി.സി.സി അധ്യക്ഷർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തും. ഇതിനുപുറമെ, എംഎൽഎമാരെ വ്യക്തിപരമായി കണ്ട് അവരുടെ അഭിപ്രായങ്ങൾ സ്വീകരിത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ നിലപാടിനായിരിക്കും മുൻതൂക്കം. ഈ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നതോടെ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ചുമതല എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിട്ടുനൽകും.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പാർട്ടി ആരംഭിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സി.പി.എം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും എൽ.ഡി.എഫിനൊപ്പം ചേർന്ന് വെള്ളാപ്പള്ളി നടേശനും അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ ഫ്ലക്സ് ബോർഡ് യുദ്ധവും ആരംഭിച്ചിട്ടുണ്ട്. പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് കെ.സി. വേണുഗോപാലിനായി സ്ഥാപിച്ച ബോർഡിന് തൊട്ടടുത്തുതന്നെ വി.ഡി. സതീശന്റെ ബോർഡും പ്രത്യക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടാണ് കെ.സി. വേണുഗോപാലിന് വേണ്ടിയുള്ള ബോർഡുകൾ ഉയർന്നതെങ്കിൽ, രാത്രിയോടെ തന്നെ സതീശനെ പിന്തുണച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിക്കപ്പെട്ടു. 

Tags:    
News Summary - High command makes bold move for CM election; special observers to be announced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.