ചേരാനെല്ലൂർ അപകടം; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി വ്യാഴാഴ്ച
കൊച്ചി: സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ചേരാനല്ലൂർ അപകടത്തിൽ ആഡംബര കാർ ഓടിച്ച 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.
റീൽസ് ചിത്രീകരണത്തിനും മറ്റുമായി പ്രതി മുമ്പും അമിത വേഗത്തിൽ വാഹനമോടിച്ചെന്നും ചേരാനെല്ലൂർ അപകട സമയത്തും വാഹനം 103 കി.മീ വേഗത്തിലായിരുന്നുവെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് ഹരജി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.
അപകടത്തിന് പിന്നാലെ പിടിയിലായ 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രതിഷേധമുയർന്നതോടെ വീണ്ടും കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകി.
നരഹത്യാ കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതേ ആവശ്യമുന്നയിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും ഹരജി നൽകിയിട്ടുണ്ട്. സ്വതന്ത്ര അന്വേഷണത്തിന് ജയബാലകൃഷ്ണന്റെ കുടുംബം തടസ്സമുണ്ടാക്കുന്നുവെന്നും കോടതി നടപടികളെ കുറിച്ച് മാധ്യമങ്ങൾക്ക് കുടുംബം തെറ്റായ വിവരം നൽകുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു.
ഇത് എതിർപക്ഷം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ പ്രോസിക്യൂഷൻ നൽകുന്നില്ലെന്നും വ്യക്തമാക്കി. സമ്മർദമില്ലാതെ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷനെതിനെ പരാതിയുണ്ടെങ്കിൽ കോടതിയിലാണ് പറയേണ്ടതെന്നും ജഡ്ജി വ്യക്തമാക്കി. തുടർന്ന് ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദം അടച്ചിട്ട കോടതി മുറിയിലാക്കി. ഇതിനെ ജയബാലകൃഷ്ണന്റെ കുടുംബം എതിർത്തെങ്കിലും പ്രോസിക്യൂഷന്റെ കൂടി താൽപര്യം കണക്കിലെടുത്താണ് കോടതി ഈ തീരുമാനമെടുത്തത്. തുടർന്നാണ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.
17കാരനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചപ്പോൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകിയാൽ മതിയെന്ന് പറഞ്ഞു. അതേസമയം, തെളിവ് നശിപ്പിച്ചെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് ഈ വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.