കൊല്ലപ്പെട്ട ഹേമചന്ദ്രൻ, പ്രതി നൗഷാദ്

'ഹേമചന്ദ്രനെ ഞങ്ങൾ കൊന്നതല്ല, കുഴിച്ചിട്ടതാണ്, അതൊരു ആത്മഹത്യയായിരുന്നു'; സൗദിയിൽ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി

കോഴിക്കോട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഹേമചന്ദ്രൻ കൊല്ലപ്പെട്ടതല്ലെന്നും ആത്മഹത്യ ചെയ്തതാണെന്നും കുഴിച്ചിടുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ് ഫേസ്ബുക്ക് വിഡിയോയുമായി രംഗത്തെത്തി.

സൗദി അറേബ്യയിൽ സന്ദർശന വിസയിൽ കഴിയുന്ന നൗഷാദ് ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞത് :- 'കൊലക്കേസിലെ ഒന്നാം പ്രതി എന്നുപറയുന്ന നൗഷാദാണ്. ഞാൻ എങ്ങോട്ടും ഒളിച്ചോടിയിട്ടുമില്ല, മുങ്ങിയിട്ടുമില്ല. രണ്ടുമാസത്തെ വിസിറ്റിങ്ങിനായി ഗൾഫിലെത്തിയതാണ്. ഞാൻ ഇങ്ങോട്ടും വരുന്നതും തിരിച്ചങ്ങോട്ട് വരാൻ പോകുന്നതുമെല്ലാം പൊലീസിനെ കൃത്യമായി അറിയിച്ചതാണ്. സറണ്ടർ ആകാൻ വേണ്ടിയാണ് അങ്ങോട്ടുവരുന്നത്. കൊലപാതകം നടന്നുവെന്നത് ശരിയല്ല. ഈ വ്യക്തി ആത്മഹത്യ ചെയ്തതാണ്.

എനിക്കും സുഹൃത്തുകൾക്കും മറ്റുള്ളവർക്കും ഉൾപ്പെടെ 30 ഓളം പേർക്ക് ഹേമചന്ദ്രനിൽ നിന്ന് പണം കിട്ടാനുണ്ടായിരുന്നു. അത് സംഘടിപ്പിക്കാനായി ഞങ്ങളുമായി ഹേമചന്ദ്രൻ നിരവധി സ്ഥലങ്ങളിൽ പോയി. പണം കിട്ടാത്തത് കൊണ്ട് എഗ്രിമെന്റ് എഴുതിച്ച് ഒരു വീട്ടിൽ കൊണ്ടുവിട്ടതാണ്. അവിടെ അയാൾ ഒറ്റക്കായിരുന്നു. ആരും പിടിച്ചുവെച്ചതൊന്നുമല്ല. വേണമെങ്കിൽ അവിടെ നിന്ന് പോകാമായിരുന്നു. എന്നാൽ, രാവിലെ ഇയാൾ ആത്മഹത്യ ചെയ്തുവെന്ന് അറിഞ്ഞപ്പോൾ സുഹൃത്തിനോട് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ കുഴിച്ചിടുകയല്ലാതെ വേറെ വഴിയില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് മൂന്ന് പേരും കൂടെ കുഴിച്ചിട്ടത്. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ തയാറാണ് ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാനാവില്ല. മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണം. ആത്മഹത്യയാണെന്ന് വ്യക്തമാകും.'- നൗഷാദ് പറയുന്നു.

സംഭവത്തിൽ സഹായികളായ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് സഹായംചെയ്ത രണ്ടു സ്ത്രീകൾകൂടെ പ്രതികളാവുമെന്ന് പൊലീസ് പറഞ്ഞു.

മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തി സംഘത്തിന്റെ കൈയിലെത്തിച്ച കണ്ണൂർ സ്വദേശിനി, തട്ടിക്കൊണ്ടുപോകലിനെയും കൊലപാതകത്തെയുംകുറിച്ച് അറിയാവുന്ന ഗുണ്ടൽപേട്ട് സ്വദേശിനി എന്നിവരെയാണ് പ്രതികളാക്കുക. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തി സംഘത്തിന്റെ കൈയിലെത്തിച്ച കണ്ണൂർ സ്വദേശിനി, തട്ടിക്കൊണ്ടുപോകലിനെയും കൊലപാതകത്തെയുംകുറിച്ച് അറിയാവുന്ന ഗുണ്ടൽപേട്ട് സ്വദേശിനി എന്നിവരെയാണ് പ്രതികളാക്കുക. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കണ്ണൂരുകാരിയാണ് സൗഹൃദംനടിച്ച് ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തിയതെന്നാണ് വിവരം.

കോഴിക്കോട് മുണ്ടിക്കൽ താഴത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സുൽത്താൻ ബത്തേരി വിനോദ് ഭവനിൽ ഹേമചന്ദ്രനെ (53) 2024 മാർച്ച് 20നാണ് മെഡിക്കൽ കോളജിന് സമീപം വെച്ച് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയത്. സുൽത്താൻ ബത്തേരിയിൽ വെച്ച് മർദിച്ചു കൊന്നു എന്നാണ് സൂചന. മൃതദേഹം തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടിയിലെ കാട്ടിൽ ചതുപ്പുനിലത്തിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു. പ്രതി ജ്യോതിഷുമായി മെഡി. കോളജ് എ.സി.പി ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചേരമ്പാടിയിലെത്തി കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്. 

Tags:    
News Summary - Hemachandran murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.