അതിശക്തമായ മഴ: തിരുവനന്തപുരത്ത് അടിയന്തരനടപടികൾക്ക് നിർദേശം നൽകി മന്ത്രിതലസംഘം

തിരുവനന്തപുരം: ജില്ലയിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. ജില്ലയിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിൽ മന്ത്രിമാർ നിർദേശം നൽകി.

മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു, കലക്ടർ ജെറോമിക് ജോർജ്, ആർ.ഡി.ഒ അശ്വതി ശ്രീനിവാസ് എന്നിവരടങ്ങിയ സംഘം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പിൽ, അവധിയിൽ പ്രവേശിച്ച ജീവനക്കാരുൾപ്പെടെയുള്ളവരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. വെള്ളക്കെട്ടിനെ തുടർന്ന് വീടുകളിലകപ്പെട്ടവർക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അടിയന്തര സാഹചര്യം നേരിടാൻ സർക്കാരും ജില്ലാ ഭരണകൂടവും സജ്ജമാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കടലിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കൂടിവരുന്നുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. അപകടകരമായ രീതിയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് മന്ത്രി ആന്റണി രാജുവും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

രാത്രിയോടെ ശക്തമായ മഴയിൽ തിരുവനന്തപുരം നഗരപ്രദേശങ്ങളിലുൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു. എയർപോർട്ട് പ്രദേശത്ത് 211 മില്ലിമീറ്ററും നഗരപ്രദേശങ്ങളിൽ 118 മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മഴ മുന്നറിയിപ്പ് ദിവസങ്ങളെ അപേക്ഷിച്ച്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രതയിൽ പെയ്ത മഴയെ തുടർന്നാണ് വെള്ളക്കെട്ടുണ്ടായത്.

സമുദ്രജലനിരപ്പ് ഉയർന്നതിനാൽ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതും ജലാശങ്ങൾ നിറയുന്നതിന് കാരണമായതായി കളക്ടർ അറിയിച്ചു. നഗരപ്രദേശങ്ങളിലുൾപ്പെടെ ദുരിതാശ്വാസ കാമ്പുകൾ തുറന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായും കലക്ടർ അറിയിച്ചു. കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും തിരുവനന്തപുരം കോർപ്പറേഷനിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്. ഡാമുകളിലുൾപ്പെടെ നീരൊഴുക്ക് വർധിക്കുന്നതിനാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും കലക്ടർ യോഗത്തെ അറിയിച്ചു.

മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, വി.കെ പ്രശാന്ത് എം.എൽ.എ,അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ് .ജെ, ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ ജയമോഹൻ.വി എന്നിവരും റവന്യൂ, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, കെ.എസ്.ഇ.ബി, അഗ്നിസുരക്ഷാ സേന, പോലീസ്, കെആർഎഫ്ബി, ടൂറിസം വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - Heavy rains: The ministerial group has issued instructions for emergency measures in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.