കനത്ത മഴ: വീടുകൾ വെള്ളത്തിൽ; ജനം ദുരിതത്തിൽ

കുണ്ടറ: തോരാതെ പെയ്ത മഴയിൽ കാഞ്ഞിരകോട്ട് വീടുകളിൽ വെള്ളം കയറി. പാടം കവിഞ്ഞൊഴുകി എട്ടു വീടുകളിൽ വെള്ളം കയറി. വയലിന് കുറുകെ റോഡ് നിർമിച്ചപ്പോൾ അതിനടിയിലൂടെ സുഗമമായ വെള്ളമൊഴുക്കിനുള്ള സൗകര്യം ചെയ്യാതിരുന്നതാണ് ജലനിരപ്പുയരാനും വീടുകളിൽ വെള്ളം കയറാനും ഇടയാക്കിയത്.

കാഞ്ഞിരകോട് രാധാകൃഷ്ണഭവനിൽ സരസ്വതിയുടെ വീടിന് ചുറ്റും വെള്ളക്കെട്ടായി. റോഡ് പണിതുടങ്ങിയ കാലം മുതൽ ഇവർ പഞ്ചായത്തിലും വില്ലേജിലും പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. വില്ലേജ് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കുണ്ടറ പഞ്ചായത്ത് തണ്ണക്കോട് വാർഡിൽ ചരുവിള വീട്ടിൽ രാജേന്ദ്രപ്രസാദിന്‍റെയും ചിന്നുഭവനിൽ ചന്ദ്രബാബുവിന്‍റെയും ഉൾപ്പെടെ വീടുകളിൽ വെള്ളം കയറി. മഹേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള കട്ടകമ്പനിയുടെ മതിൽ ഇടിഞ്ഞു. കമ്പനിയുടെ ഒരു ഭാഗവും തകർന്നു. ആൽത്തറമുകൾ കീർത്തനയിൽ ഷാജിയുടെ വീട്ടിലേക്ക് അയൽ വസ്തുവിലെ മതിൽ ഇടിഞ്ഞുവീണു. കന്നിമേൽമുക്കിൽ പൊതുമരാമത്ത് വകുപ്പ് ഓട മണ്ണ്കയറി മൂടിയതോടെ റോഡ് തോടാകുകയും സമീപത്തെ വീട്ടുമുറ്റങ്ങളിൽ റോഡിൽനിന്നുള്ള വെള്ളമെത്തി വെള്ളക്കെട്ടാകുകയും ചെയ്തു.

മണ്ണെടുത്ത സ്ഥലം വീണ്ടും ഇടിഞ്ഞു

കുണ്ടറ: അഞ്ചാം വാർഡ് പ്ലാച്ചിമുക്കിൽ ഏഴരമീറ്റർ ഉയരത്തിൽ മണ്ണെടുത്ത സ്ഥലത്ത് കനത്തമഴയിൽ മണ്ണിടിഞ്ഞു വീണു. പരാതിക്കാരിയായ സുമയുടെ വീടിന്‍റെ അടിഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. മറ്റ് പലഭാഗങ്ങളിലും ഇടിച്ചിൽ ഉണ്ടായിട്ടുണ്ട്.

റോഡ് തോടായി

ഇരവിപുരം: മഴയിൽ റോഡ് ചളിക്കുണ്ടും വെള്ളക്കെട്ടുമായതോടെ കാൽനടയാത്ര പോലും ദുസ്സഹം. പുനർനിർമാണം നടക്കുന്ന ചെമ്മാൻമുക്ക് അയത്തിൽ റോഡിൽ പാർവത്യാർ മുക്കിലാണ് റോഡ് തോടായി മാറിയത്. അപ്സര, പവർ ഹൗസ്, കാഞ്ഞിരത്തുംമൂട് ഭാഗങ്ങളിലാണ് റോഡിൽ വെള്ളക്കെട്ട്. അയത്തിൽ മുതൽ രണ്ടാം നമ്പർ വരെയുള്ള ഭാഗമാണ് റോഡ് ചളിക്കുണ്ടായത്. ഈ ഭാഗത്ത് ഇരുചക്രവാഹനയാത്രക്കാരും കാൽനടക്കാരും തെന്നി വീഴുന്നതും പതിവാണ്. കഴിഞ്ഞമാസം ആദ്യമാണ് ചെമ്മാൻമുക്ക് മുതൽ അയത്തിൽ വരെയുള്ള റോഡ് പുനർനിർമാണത്തിനായി അടച്ചത്. പാർവത്യാർമുക്കിൽ വൈദ്യുതി ബോർഡിന്‍റെ ട്രാൻസ്ഫോമറിനടുത്തായാണ് വെള്ളം കെട്ടിക്കിടക്കുന്നത്. റോഡിന്‍റെ പുനർനിർമാണം വേഗത്തിലാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അയത്തിൽ നിസാം ആവശ്യപ്പെട്ടു.

പാറയുടെ ലഭ്യതക്കുറവും റോഡിൽ നിന്നെടുക്കുന്ന മണ്ണ് സൂക്ഷിക്കാനും സ്ഥലമില്ലാത്തതാണ് പ്രവൃത്തിയുടെ വേഗക്കുറവിന് കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. റോഡിന്‍റെ പുനർനിർമാണത്തിനാവശ്യമായ പാറ തമിഴ്നാട്ടിൽനിന്നാണ് എത്തിച്ചുകൊണ്ടിരുന്നത്. അവിടെ നിന്നും ഇപ്പോൾ ആവശ്യത്തിന് പാറ വരാത്ത അവസ്ഥയുണ്ട്. കൂടാതെ പാറയിടാൻ വേണ്ടി റോഡിൽനിന്ന് എടുത്തുമാറ്റുന്ന മണ്ണ് സൂക്ഷിക്കുന്നതിനാവശ്യമായ സ്ഥലത്തിനായി റവന്യൂവകുപ്പിന്‍റെ സഹായം തേടിയിട്ടുള്ളതായും അധികൃതർ പറയുന്നു.


കുണ്ടറ പ്ലാച്ചിമുക്കിൽ അമിതമായി മണ്ണെടുത്ത സ്ഥലത്തെ സുമയും കുടുംബവും താമസിച്ചിരുന്ന ഷെഡിന്‍റെ അടിഭാഗം തകർന്നപ്പോൾ, കുണ്ടറ തണ്ണിക്കോട്ട് മഹീന്ദ്രന്‍റെ കട്ടക്കമ്പനിയുടെ മതിൽ ഇടിഞ്ഞുതാണപ്പോൾ

Tags:    
News Summary - Heavy rains: houses flooded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.