തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുകയും മരങ്ങൾ പൊട്ടിവീഴുകയും ചെയ്തതിനാൽ വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു. രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു -തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂർ വൈകി ഓടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. 7.49നാണ് മംഗളൂരുവിൽനിന്ന് ട്രെയിൻ പുറപ്പെട്ടത്.
മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ്, കചെഗുഡ മുരുഡേശ്വർ എക്സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ, ഗോരക്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും നിലവിൽ വൈകി ഓടുകയാണ്. മംഗലാപുരം -ചെന്നൈ താംബരം എഗ്മൂർ എക്സ്പ്രസും ഏറനാട് എക്സ്പ്രസും വൈകിയോടുകയാണ്.
മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ് 1 മണിക്കൂർ 45 മിനിറ്റ് വൈകി. കചെഗുഡ മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകുന്നു. ബംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ (06555) ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകുന്നു. ഗോരക്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് 4 മണിക്കൂർ 30 മിനിറ്റ് വൈകിയോടുന്നു. ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകുന്നു. മറ്റ് എല്ലാ ട്രെയിനുകൾ കൃത്യ സമയം പാലിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
കഴിഞ്ഞ ദിവസവും ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു ജങ്ഷൻ വഴി ഇന്നലെ തിരിച്ചുവിട്ടു. രണ്ടര മണിക്കൂറിലേറെ വൈകിയാണ് ഈ ട്രെയിൻ കൊല്ലത്തെത്തിയത്. ഇതേതുടർന്ന് ഈ ട്രെയിനിന്റെ മടക്കയാത്രയും വൈകി. തമ്പാനൂരിൽനിന്ന് വൈകീട്ട് 4.05ന് പുറപ്പെടേണ്ട ട്രെയിൻ യാത്രതിരിച്ചത് 5.05ന്. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി മൂന്നരമണിക്കൂർ വൈകിയാണ് യാത്ര ആരംഭിച്ചത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി കൊല്ലത്ത് എത്തിയത് അരമണിക്കൂർ വൈകി.
വെള്ളിയാഴ്ച രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട കോഴിക്കോട് ജനശതാബ്ദി മൂന്ന് മണിക്കൂറോളം വൈകി രാവിലെ 8.45 നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 7.25ന് പുറപ്പെടേണ്ട മാവേലി ഒരു മണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്.
ലോകമാന്യ തിലക്-തിരുവനന്തപുരം സ്പെഷൽ ട്രെയിൻ ആറുമണിക്കൂർ വരെയും മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് രണ്ടുമണിക്കൂർ വരെയും വൈകിയാണ് ഓടിയത്. ഉച്ചക്ക് 12.08ന് തിരൂരിൽ എത്തേണ്ട ഏറനാട് എത്തിയത് 2.10ന്. മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയാണ് യാത്ര ആരംഭിച്ചത്. മൂന്നര മണിക്കൂർ വരെ ട്രെയിൻ യാത്രക്കിടെ വൈകുകയും ചെയ്തു.
ഉച്ചക്ക് 12. 55ന് ആലുവയിൽ എത്തേണ്ട ട്രെയിൻ വന്നത് വൈകീട്ട് 4.18ന്. വെള്ളിയാഴ്ച കൊല്ലം-കോട്ടയം റൂട്ടിൽ അരമണിക്കൂർ വരെ വൈകിയാണ് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ഓടിയത്. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് കേരളത്തിലെ സ്റ്റേഷനുകളിലും 10 മുതൽ 30 മിനിറ്റ് വരെ താമസിച്ചു. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് പല സ്റ്റേഷനുകളിലും 20 മിനിറ്റ് വരെ വൈകി.
തിരുവനന്തപുരം-കൊച്ചുവേളി ഇൻഡോർ എക്സ്പ്രസ് തൃശൂരിലെത്തിയത് ഒരു മണിക്കൂർ താമസിച്ചാണ്. തിരുവനന്തപുരത്തു നിന്നുള്ള ഏറനാട് എക്സ്പ്രസും തൃശൂരിലെത്താൻ ഒരു മണിക്കൂർ വൈകിയാണ്. തിരുവനന്തപുരം യോക് നഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരത്തുള്ള പരശുറാം എക്സ്പ്രസ് എന്നിവയും ഒരു മണിക്കൂറിലേറെ വൈകി. തിരുവനന്തപുരം ഡിവിഷനിൽ കളമശ്ശേരയിലും ആലപ്പുഴയിലുമാണ് മരങ്ങൾ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.