അതിതീവ്ര മഴ; സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത്​ വിദഗ്​ധ സമിതി തീരുമാനിക്കും

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തി​െൻറ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്.

ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം.

Tags:    
News Summary - Heavy rain; The opening of dams in the state will be decided by an expert committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.