പനമരം: ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വസ്തുക്കൾ കടത്താൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. പനമരം വില്ലേജ് ഓഫിസ് ജീവനക്കാരായ എം.പി. ദിനേശൻ, സിനീഷ് ജോസഫ് എന്നിവരാണ് പിടിയിലായത്. ആയിരത്തോളം അംഗങ്ങൾ താമസിക്കുന്ന പനമരം ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ടോയ്ലറ്റ് ക്ലീനിങ്ങിനുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ ഉൾപ്പെടെ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ അന്തേവാസികൾ തടഞ്ഞ് മാനന്തവാടി തഹസിൽദാറെ വിളിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരുടെയും കാറുകളിൽ സാധനങ്ങൾ കയറ്റുന്നത് ക്യാമ്പ് അന്തേവാസികൾ കണ്ടിരുന്നു. പുലർച്ച കാറുമെടുത്ത് പോകുന്നതിനിടെയാണ് തടഞ്ഞത്. എന്നാൽ, വേറെ സ്ഥലങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകുകയെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
നാട്ടുകാരുടെ സഹായത്തോടെയാണ് അന്തേവാസികൾ തഹസിൽദാറെ വിവരമറിയിച്ചത്. പിന്നീട്, തഹസിൽദാറുടെ പരാതിയിൽ പനമരം പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 351ാം വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഏഴ് വർഷംവരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ജീവനക്കാരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.